മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കർശനമാക്കി. നിപക്ക് പിന്നാലെ എം പോക്സ് കൂടി സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയത്. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടൻ പുറത്തുവിടും. സമ്പർക്കമുള്ളവരിൽ രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ഉടൻ തന്നെ പരിശോധിക്കും. ഇതിനിടെ രോഗബാധിതനായ 38 കാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. അതോടൊപ്പം വീടുകൾ കയറിയുള്ള സർവേയിൽ ആകെ 175 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.