ഓണം ഉത്സവബത്തയായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ് ഉത്സവബത്ത അനുവദിച്ചത്. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. അതോടൊപ്പം സർക്കാർ, സഹകരണ കയർ ഉൽപന്ന സ്ഥാപനങ്ങൾക്ക് വിപണി വികസന ഗ്രാന്റിനത്തിൽ 10 കോടി രൂപ അനുവദിച്ചു. കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് സംഘങ്ങൾ, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, സംസ്ഥാന കയർ കോർപറേഷൻ, കയർഫെഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്.