https://dailynewslive.in/ പാരിസ് ഒളിംപിക്‌സില്‍ ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കില്‍ വിനേഷ് വെള്ളി മെഡല്‍ പങ്കിടും. ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ലെന്നും സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും ഗുസ്തിയോട് വിടപറയുകയാണെന്നുമാണ് വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

https://dailynewslive.in/ ഒളിംപിക്‌സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ബഹളത്തിനിടെ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാതെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സഭ വിട്ടു. ഏത് വേദിയിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുകയാണെന്നും മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. രാജ്യസഭ നടപടികള്‍ തുടങ്ങിയ ഉടന്‍ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അയോഗ്യതക്ക് പിന്നിലെന്തെന്നറിയണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയില്ലെന്ന് ജഗദീപ് ധന്‍കര്‍ അറിയിച്ചു. മുദ്രാവാക്യം മുഴക്കിയ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന് ശാസന നല്‍കുകയും ചെയ്തു.

https://dailynewslive.in/ വിനേഷ് ഫോഗട്ടിനെ ഒളിംപിക്‌സില്‍ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷത്തിന്റെ നീക്കം. വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിച്ചതിനെ കുറിച്ചും കായിക മേധാവികളുടെ പിടിപ്പുകേടിനെ കുറിച്ചും ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നതും സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി പി സന്തോഷ് കുമാര്‍ ചട്ടം 267 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് നല്കി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച് പ്രതിഷേധിക്കും. ഇന്നലെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നല്‍കും. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നീ സേനകള്‍ക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ള 500 ബറ്റാലിയന്‍ അംഗങ്ങളാണിവര്‍. അതേസമയം, താല്‍ക്കാലികമായി നിര്‍മ്മിച്ച ബെയ്ലി പാലത്തിന്റെ മെയ്ന്റനന്‍സ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റര്‍ സെര്‍ച്ച് ടീമും അടുത്ത നിര്‍ദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.

https://dailynewslive.in/ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയോടെ കേരളം. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

https://dailynewslive.in/ വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യഹര്‍ജി. സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹര്‍ജി നല്‍കിയത്. നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകള്‍ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

https://dailynewslive.in/ വയനാട്ടില്‍ നാളെ രാവിലെ എട്ടു മണി മുതല്‍ ജനകീയ തിരച്ചില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ജനകീയ തിരച്ചിലാവും നടക്കുകയെന്നും ഇതില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പുകളില്‍ കഴിയുന്ന ആര്‍ക്കെങ്കിലും തിരച്ചിലില്‍ പങ്കെടുക്കണമെങ്കില്‍ നേരത്തേ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ബില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ലോക് സഭയില്‍ അവതരിപ്പിക്കും. മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരണം. രാജ്യത്തെ വിഭജിക്കാനുള്ള ബില്ലാണെന്നും ശക്തിയുക്തം എതിര്‍ക്കണമെന്നും രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെതിരെ സിപിഎമ്മിനായി കെ രാധാകൃഷ്ണന്‍ എംപിയും കോണ്‍ഗ്രസ് എംപിമാരായ എം കെ രാഘവനും കെ സി വേണുഗോപാലും ഹൈബി ഈഡനും നോട്ടീസ് നല്‍കി.

https://dailynewslive.in/ നജീബ് കാന്തപുരത്തിന് പെരിന്തല്‍മണ്ണ എംഎല്‍എയായി തുടരാം. പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ സംഘം കേരളത്തിലെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഐ.സി.എം.ആറിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ഗവേഷണത്തിനായി കേന്ദ്രസംഘം എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

https://dailynewslive.in/ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാര്‍ധക്യസഹജവുമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.

https://dailynewslive.in/ ബംഗാളിലെ പാര്‍ട്ടിയുടെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സി.പി.എമ്മിന്റേയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടേയും നഷ്ടമാണ് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സി.പി.എമ്മിന്റെ ഇന്നത്തേയും നാളത്തേയും പൊതുപരിപാടികള്‍ മാറ്റിവെച്ചതായും കേരളത്തിലുടനീളം പാര്‍ട്ടി അനുശോചനയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

https://dailynewslive.in/ കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ് കേസിന്റെ അന്വേഷണം വിജിലന്‍സ് ഏറ്റെടുത്തേക്കും. അഴിമതി നിരോധന നിയമം പ്രകാരമാകും നടപടി. പ്രതി അഖില്‍ പി വര്‍ഗീസ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെന്‍ഷന്‍ തുക മാറ്റിയായിരുന്നു തട്ടിപ്പ്. നേരത്തെ ഇയാള്‍ ജോലി ചെയ്തിരുന്ന കൊല്ലം നഗരസഭയില്‍ നിന്നും 40 ലക്ഷം തട്ടിയ കേസില്‍ അഖില്‍ മുമ്പ് നടപടി നേരിട്ടിരുന്നു. തട്ടിപ്പില്‍ പ്രതിഷേധിച്ച് കോട്ടയം നഗരസഭയില്‍ ഇന്ന് എല്‍ഡിഎഫും ബിജെപിയും പ്രതിഷേധം നടത്തും.

https://dailynewslive.in/ അതിസമര്‍ത്ഥമായ സൈബര്‍ തട്ടിപ്പിന് താന്‍ ഇര ആയെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ട് ദിവസം വെര്‍ച്ചല്‍ കസ്റ്റഡിയില്‍ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചുവെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കണ്ണൂര്‍ ചൊക്ലിയില്‍ കാറിന്റെ വാതിലില്‍ ഇരുന്ന് വിവാഹ ഘോഷയാത്ര. വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ ഡിക്കിയില്‍ ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. സംഭവത്തില്‍ 18 പേര്‍ക്കെതിരെ നടപടിയെടുത്തു. ആറ് കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച 6 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 24 ന് വൈകിട്ടായിരുന്നു സംഭവം.

https://dailynewslive.in/ തൊഴിലന്വേഷകരായ യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റ സംഭവത്തില്‍ യുവാവ് കൊച്ചിയില്‍ പൊലീസ് പിടിയിലായി. പളളുരുത്തി സ്വദേശിയായ അഫ്‌സര്‍ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തത്. പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പ്രതി ലാവോസില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികള്‍ ചെയ്യിച്ച ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

https://dailynewslive.in/ മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ഉറക്ക ഗുളിക കഴിച്ച് വാര്‍ഡ് മെമ്പറുടെ ആത്മഹത്യാ ശ്രമം. അങ്കണവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഏഴാം വാര്‍ഡ് മെമ്പറായ മുസ്ലീംലീഗിലെ ആയിശത്ത് റുബീന ഉറക്ക ഗുളിക കഴിച്ചത്. ഗുതുരതാവസ്ഥയിലായ ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇന്നലെ ഭരണ സമിതി യോഗത്തിനിടയിലായിരുന്നു സംഭവം.

https://dailynewslive.in/ എങ്ങണ്ടിയൂരിലെ ദളിത് യുവാവായ വിനായകന്റെ മരണത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിനായകനെ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത് പിടിച്ചുപറിക്കേസില്‍ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് ആത്മഹത്യാ പ്രേരണയാകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ കൂടത്തായി റോയ് തോമസ് വധക്കേസില്‍ പ്രധാന പ്രതി ജോളി തോമസിന്റെ ഭാര്‍ത്താവും കേസിലെ സാക്ഷിയുമായ ഷാജു സക്കറിയയുടെ വിസ്താരം പൂര്‍ത്തിയായി. കൊലപാതകങ്ങളെക്കുറിച്ച് ജോളി തന്നോട് പറഞ്ഞിരുന്നതായി പ്രൊസിക്യൂഷന്‍ വിസ്താരത്തില്‍ നല്‍കിയ മൊഴിയില്‍ ഷാജു ഉറച്ച് നിന്നു. തിങ്കളാഴ്ച ജോളിയുടെ സഹോദരന്‍മാരുടെയും മുന്‍ പളളി വികാരിയുടെയും വിസ്താരം നടക്കും.

https://dailynewslive.in/ ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു.

https://dailynewslive.in/ ഇറച്ചിവില്‍പ്പനയ്ക്കായി കന്നുകാലിയെ മോഷ്ടിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും സഹോദരനുമടക്കം മൂന്നുപേരെ വാഗമണ്‍ പോലീസ് അറസ്റ്റുചെയ്തു. യൂത്ത് കോണ്‍ഗ്രസ് കുടയത്തൂര്‍ മണ്ഡലം മുന്‍പ്രസിഡന്റ് കാഞ്ഞാര്‍ ഇരണിക്കല്‍ വീട്ടില്‍ ഷിയാസ് ഇരണിക്കന്‍, സഹോദരന്‍ അല്‍ത്താഫ്, ഹാറുണ്‍ റഷീദ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.

പത്തനംതിട്ട വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷണം പോയി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം പേര്‍ മോഷണത്തിനു പിന്നിലുളളതായാണ് സംശയം. പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

https://dailynewslive.in/ അടൂരില്‍ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശി അനന്തകൃഷ്ണനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ജെ.ജെ.ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. മദ്യപിച്ചെത്തിയ അനന്തകൃഷ്ണന്‍ ഭാര്യയുടേയും ഭാര്യാ മാതാവിന്റേയും മുന്‍പില്‍ വച്ച് കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

https://dailynewslive.in/ മലമ്പുഴ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ തുറന്നു. അണക്കെട്ടിലെ വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാലാണിത്. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയതോതില്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചനവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

https://dailynewslive.in/ കരാറുകാരനില്‍നിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വി. വിജിയെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കരാറുകാരനായ വെച്ചൂച്ചിറ പുലിക്കുന്നേല്‍ റഫന്‍ പി.റെജി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്

https://dailynewslive.in/ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. 2023 ഫെബ്രുവരി മുതല്‍ ഈ നിരക്കാണ് തുടരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം സംസംസാരിക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

https://dailynewslive.in/ കണ്ണൂരിലെ വാഹന ഷോറൂമില്‍ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ അസി. മാനേജര്‍ കിഴുത്തള്ളി സ്വദേശി എകെ അഖില്‍ അറസ്റ്റിലായി. ഷോറൂമിന്റെ പയ്യന്നൂര്‍ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖില്‍. ബാങ്കില്‍ അടക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്‌സില്‍ നിന്ന് വാങ്ങിയ 9 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെന്നാണ് പരാതി. ഷോറൂം ഉടമസ്ഥന്റെ പരാതിയിന്മേലാണ് നടപടിയുണ്ടായത്.

https://dailynewslive.in/ അന്താരാഷ്ട്ര പൂച്ച ദിനമായ ഇന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ വേറിട്ടൊരു പ്രതിഷേധം. പൂച്ച ദിനത്തോടനുബന്ധിച്ച് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി പൂച്ച ഇറച്ചി വിറ്റുള്ള പ്രതിഷേധമാണ് നടന്നത്. പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവര്‍ മത്സ്യവും കഴിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പീറ്റ ഇന്ത്യ എന്ന സംഘടന. എല്ലാ മൃഗങ്ങളും വേദനയും ഭയവും ഉള്ളവരാണെന്നും മാംസാഹാരം വെടിഞ്ഞ് സസ്യഭക്ഷണം ശീലമാക്കണമെന്നുമാണ് സംഘടന പ്രതീകാത്മകമായി പറഞ്ഞു വയ്ക്കുന്നത്. പൂച്ചകളുടെ രൂപത്തിലുള്ള പാവകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

https://dailynewslive.in/ കൊല്ലം ആശ്രാമത്ത് മാസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേര്‍ പിടിയിലായി. മരിച്ച പാപ്പച്ചന്റെ നിക്ഷേപ തുകയായ 76 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. അപകടമരണമാണെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്.

https://dailynewslive.in/ വൈദ്യുത ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെ കണക്ഷന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചതിന് പിന്നാലെ മദ്യലഹരിയില്‍ അക്രമം. കെഎസ്ഇബിയുടെ തിരുവല്ലം സെക്ഷന്‍ ഓഫീസിലാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ മേനിലം കീഴെ പാലറ കുന്നില്‍ അജികുമാറിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെല്‍ കൃഷി ചെയ്ത് വരുകയായിരുന്നു സോമന്‍.

https://dailynewslive.in/ കോട്ടയത്ത് സ്‌കൂളില്‍ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കല്‍ ലാല്‍ സി ലൂയിസിന്റെ മകള്‍ ക്രിസ്റ്റല്‍ ആണ് മരിച്ചത്. ആര്‍പ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്.

https://dailynewslive.in/ ഇടവയില്‍ വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി (16) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.10-ഓടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്‌സ്പ്രസ്സ് ഇടവ ഡീസന്റ് മുക്ക് ഭാഗത്ത് എത്തിയപ്പോള്‍ ഗൗരി ട്രെയിനില്‍നിന്ന് നിലതെറ്റി വീഴുകയായിരുന്നു.ഗൗരിയുടെ അച്ഛനും അമ്മയും ട്രെയിനില്‍ ഉണ്ടായിരുന്നു. മകളുടെ പ്ലസ് വണ്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിനായി പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു കുടുംബം.

https://dailynewslive.in/ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

https://dailynewslive.in/ ശക്തമായ മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിച്ച് ലാ നിന വരുന്നു. ആഗസ്റ്റ് – സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയിലെ മണ്‍സൂണ്‍ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.

https://dailynewslive.in/ എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളില്‍നിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയെന്ന ആരോപണത്തില്‍ രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ വാഗ്വാദം. ബി.ജെ.പി. സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെ മഹാത്മാഗാന്ധിയുടെയും അംബേദ്കറുടെയും പ്രതിമകള്‍ മാറ്റിയതുപോലെ ഭരണഘടനയുടെ അന്തസ്സത്തയും നശിപ്പിക്കുന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ ആമുഖം ഒഴിവാക്കിയിട്ടില്ലെന്നും ദേശീയഗാനവും മൗലികാവകാശവും മൗലിക ഉത്തരവാദിത്വവും അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മറുപടി നല്‍കി.

https://dailynewslive.in/ നീറ്റ് പിജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം നിഷേധിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സ്. ചോദ്യപേപ്പര്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് വിശദീകരണം. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും എന്‍ബിഇഎംഎസ് അറിയിച്ചു. ചില ടെലഗ്രാം ചാനലുകളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പ്രചാരണമുണ്ടായത്. ഇത്തരം പ്രചാരണങ്ങളിലോ പ്രലോഭനങ്ങളിലോ വീഴരുതെന്ന് പരീക്ഷ എഴുതുന്നവരോട് എന്‍ബിഇഎംഎസ് ആവശ്യപ്പെട്ടു.

https://dailynewslive.in/ കലാപ കലുഷിതമായ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. ഇന്ന് രാത്രി പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് സൈനിക മേധാവി ജനറല്‍ വഖര്‍ ഉസ് സമാന്‍ അടക്കമുള്ളവര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ നയിക്കാന്‍ സമ്മതിച്ച നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇന്ന് പാരിസില്‍ നിന്ന് ധാക്കയില്‍ മടങ്ങിയെത്തുമെന്നാണ് വിവരം.

https://dailynewslive.in/ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ആഗസ്റ്റ് പകുതിയോടെ അന്തിമ തീരുമാനത്തിലെത്തും. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ തിരിച്ചെത്തിക്കാനാണ് തീരുമാനമെങ്കില്‍ ഈ മാസം തന്നെ തിരിച്ചുവരും. അതിന് സാധിച്ചില്ലെങ്കില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാകും സ്റ്റാര്‍ലൈനര്‍ യാത്രികരുടെ തിരിച്ചുവരവ്.

https://dailynewslive.in/ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളും സേവനദാതാക്കളുമായ ഡെല്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഡെല്ലിന്റെ ഈ നീക്കമെന്നാണ് സൂചന. 2023ല്‍ കമ്പനി 13,000ത്തിലേറെ ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുകയും എഐയിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുകയുമാണ് ഡെല്‍ എന്നാണ് വിവരം.

https://dailynewslive.in/ ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കന്‍ ജപ്പാനിലെ ക്യുഷു പ്രദേശത്താണ് 7.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പം സുനാമിക്ക് കാരണമായതായും, മിയാസാക്കി പ്രദേശങ്ങളില്‍ ഇത് എത്തിച്ചേര്‍ന്നതായും ജപ്പാനീസ് മാധ്യമമായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരിധി ഉയര്‍ത്തിയത് ഉയര്‍ന്ന നികുതി ബാധ്യത വേഗത്തില്‍ അടയ്ക്കാന്‍ നികുതിദായകരെ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു റിസര്‍വ് ബാങ്ക് പ്രഖ്യാപനം. സാധാരണയായി യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നികുതി അടയ്ക്കുമ്പോഴും സമാന രീതിയാണ്. ഇതാദ്യമായല്ല ആര്‍ബിഐ യുപിഐ പരിധി ഉയര്‍ത്തുന്നത്. 2023 ഡിസംബറില്‍ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകളില്‍ ആര്‍ബിഐ യുപിഐ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. സാധാരണയായി യുപിഐയില്‍ ഒറ്റ ഇടപാടില്‍ 1 ലക്ഷം രൂപ വരെ കൈമാറാം. ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍, കളക്ഷനുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങി ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് യുപിഐ ഇടപാട് പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ, റീട്ടെയില്‍ ഡയറക്ട് സ്‌കീം എന്നിവയില്‍ ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപ വരെ കൈമാറാം. 2021 ഡിസംബറിലാണ് റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും ഐപിഒ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുമുള്ള യുപിഐ ഇടപാട് പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയത്. അതേസമയം നിരക്കുകളിലും സമീപനത്തിലും മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. വളര്‍ച്ച, വിലക്കയറ്റം എന്നിവ സംബന്ധിച്ച അനുമാനങ്ങളിലും മാറ്റമില്ല. റീപോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. മറ്റു നിരക്കുകളിലും മാറ്റമില്ല. ഈ ധനകാര്യ വര്‍ഷം ജി.ഡി.പി വളര്‍ച്ച 7.2 ശതമാനം എന്ന നിഗമനം മാറ്റിയില്ല. വിലക്കയറ്റം 4.5 ശതമാനത്തില്‍ തുടരും. ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായി ചെക്ക് ക്ലിയറിങ് സമയം വെട്ടിക്കുറച്ചു. ചെക്ക് ക്ലിയറിങ് സൈക്കിള്‍ ടി+1ല്‍ നിന്ന് ഏതാനും മണിക്കൂറുകളാക്കിയാണ് റിസര്‍വ് ബാങ്ക് സമയം കുറച്ചത്. ഇടപാട് നടന്ന ദിവസത്തിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെറ്റ് എന്നതാണ് ടി+1 എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. അനധികൃത വായ്പാ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പബ്ലിക് റിപ്പോസിറ്ററി ആരംഭിക്കും.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവയാണ് ഉള്‍പ്പെടുന്നത്. സീരീസിലെ ഏറ്റവും പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ വി40 പ്രോയ്ക്ക് മീഡിയാടെക് ഡൈമെന്‍സിറ്റി 9200+ സോക് ആണ് കരുത്തുപകരുന്നത്. നാല് സീസ്-ട്യൂണ്‍ ചെയ്ത 50 എംപി കാമറയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 49,999 രൂപ മുതല്‍ 55,999 രൂപ വരെയാണ് വില. വിവോ വി40യ്ക്ക് 34,999 മുതല്‍ 41999 രൂപ വരെയാണ് വില. സ്റ്റോറേജ് കപാസിറ്റി അനുസരിച്ചാണ് വിലയില്‍ വ്യത്യാസം. വില കുറഞ്ഞ മോഡലായ വിവോ വി40യ്ക്ക് സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 സോക് ആണ് കരുത്തുപകരുക. വിവോ വി40 പ്രോ ഓഗസ്റ്റ് 13 ന് വില്‍പ്പനയ്‌ക്കെത്തും. അതേസമയം വിവോ 40 ഓഗസ്റ്റ് 19 മുതല്‍ ലഭ്യമാകും. വി40ന് സീസ് ലെന്‍സുകളാല്‍ പരിരക്ഷിക്കപ്പെട്ട രണ്ട് 50 എംപി കാമറ ഉണ്ട്. വി40 പ്രോയില്‍ മൂന്ന് 50 എംപി കാമറകളുണ്ട്. രണ്ട് മോഡലുകള്‍ക്കും മുന്‍വശത്ത് 50 എംപി സെല്‍ഫി ക്യാമറയുമുണ്ട്. 2,800 ഃ 1260 പിക്‌സലുള്ള 6.78 ഇഞ്ച് 3ത്രീ കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയും 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമാണ് ഇതിന്റെ പ്രത്യേകത. രണ്ട് ഫോണുകളും 80വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനും റിവേഴ്സ് ചാര്‍ജിംഗിനും പിന്തുണയുള്ള വലിയ 5,500 എംഎഎച്ച് ബാറ്ററി പായ്ക്കോടെയാണ് വിപണിയില്‍ എത്തുന്നത്.

https://dailynewslive.in/ ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘വാഴ ആന്തം’ വിഡിയോ ഗാനം പുറത്തിറങ്ങി. നൊമാഡിക് വോയ്‌സ് ആണ് വാഴ ആന്തം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ അതിമനോഹരം… എന്ന് തുടങ്ങുന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. പാര്‍വതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്‌സ് റേഡിയന്റ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാര്‍ എന്നിവര്‍ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്‌സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്. ഈ മാസം 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠന്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിയാ വിന്‍സെന്റ, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗൗതമന്റെ രഥത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’.

https://dailynewslive.in/ 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ സംവിധാനം ചെയ്യാന്‍ രണ്‍ജി പണിക്കര്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. ഫഹദിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്‌ക്കൊപ്പമാണ് സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ഷാജി കൈലാസിന്റെയും ജോഷിയുടെയുമൊക്കെ മാസ് നായക കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ നല്‍കിയ തിരക്കഥാകൃത്ത് എന്ന നിലയിലാണ് രണ്‍ജി പണിക്കര്‍ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം ആദ്യമായി അടയാളപ്പെടുത്തുന്നത്. അതേസമയം നിലവില്‍ വിവിധ ഭാഷാ സിനിമകളില്‍ സജീവമായി നില്‍ക്കുന്ന ഫഹദ് ഫാസില്‍ തന്നെ അത്രയേറെ ആവേശപ്പെടുത്തുന്ന ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ഏറ്റെടുക്കുന്നത്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശമാണ് ഫഹദിന്റേതായി അവസാനം മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ചിത്രം മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്നു. പുഷ്പ 2, മാരീചന്‍, വേട്ടൈയന്‍, ഓടും കുതിര ചാടും കുതിര, ബൊഗെയ്ന്‍വില്ല, ഡ!!ോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്നിങ്ങനെയാണ് വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്റെ അപികമിംഗ് ലൈനപ്പ്.

https://dailynewslive.in/ പുത്തന്‍ വാഹനം സ്വന്തമാക്കി നടന്‍ ബാബുരാജ്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കരുത്തന്‍ എസ്യുവിയാണ് പുതിയത്. കൊച്ചിയിലെ ജീപ്പ് വിതരണക്കാരില്‍ നിന്നാണ് ജീപ്പ് റാംഗ്ലര്‍ താരം വാങ്ങിയത്. ബ്രൈറ്റ് വൈറ്റ് നിറത്തിലുള്ള എസ്യുവിയാണ്. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന ലുക്കാണ് ഈ വാഹനത്തിന്. ജീപ്പ് പ്രേമികള്‍ക്കും ഏറെ ഇഷ്ടമാണ്. 67 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ജീപ്പിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റാംഗ്ലര്‍. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 270 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഓള്‍ വീല്‍ ഡ്രൈവ് വാഹനം ഓണ്‍റോഡിനും ഓഫ് റോഡിനും ഒരുപോലെ ഇണങ്ങും.

https://dailynewslive.in/ പോരാളിയായ ടിപ്പു സുല്‍ത്താന്‍ ഒരെഴുത്തുകാരനുമായിരുന്നു എന്നതിന്റെ അടയാളമായി അവശേഷിക്കുന്ന അദ്ദേഹത്തിന്റെ നിശാസ്വപ്നങ്ങളുടെ സമാഹാരം. വിപുലമായ പുസ്തകപരിചയവും കാവ്യാനുശീലനവും ഉണ്ടായിരുന്ന ടിപ്പു സുല്‍ത്താന്‍ താന്‍ കണ്ട ഏതാനും സ്വപ്നങ്ങളെ സ്വന്തം വൈയക്തികാനുഭവങ്ങളുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കുന്ന മാന്ത്രികസ്വഭാവമുള്ള ഒരു അപൂര്‍വ്വ രചനയാണിത്. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ലോകപ്രശസ്തമായ ക്വാബ് നാമ എന്ന സ്വപ്നപുസ്തകത്തിന്റെ ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ സമ്പൂര്‍ണ്ണപരിഭാഷ. ടിപ്പുവിനെ വധിച്ച് കൊട്ടാരം കൊള്ളയടിച്ച ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിലേക്ക് കൊണ്ടുപോയ, ടിപ്പു സുല്‍ത്താന്റെ കൈപ്പടയിലുള്ള ഈ രചനയുടെ അസ്സല്‍ കൈയെഴുത്തുപ്രതി ബ്രിട്ടീഷ് ലൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എ. ആന്റണിയുടേതാണ് ഇംഗ്ലീഷില്‍നിന്നുള്ള ഈ വിവര്‍ത്തനം. ആയിരക്കണക്കിനു പുസ്തകങ്ങളുണ്ടായിരുന്ന ടിപ്പു സുല്‍ത്താന്റെ ലൈബ്രറിയെക്കുറിച്ചും രചനകളെക്കുറിച്ചും ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ഒ.കെ. ജോണി എഴുതിയ ഗവേഷണാത്മകമായ ആമുഖലേഖനവും. ‘എന്റെ സ്വപ്നങ്ങള്‍’. മാതൃഭൂമി. വില 144 രൂപ.

https://dailynewslive.in/ ശരീരത്തിന്റെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ് ഗ്രന്ഥി. പാന്‍ക്രിയാസിനു വരുന്ന തകരാറുകള്‍ പ്രമേഹം, ഹൈപ്പര്‍ഗ്ലൈസീമിയ, പാന്‍ക്രിയാറ്റിക് അര്‍ബുദം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കാം. നാം പ്രതിദിനം കഴിക്കുന്ന പല ഭക്ഷണങ്ങളും പാന്‍ക്രിയാസിന്റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാന്‍ക്രിയാസിനെ നല്ല ഉഷാറാക്കി നിര്‍ത്താന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായിക്കും. മഞ്ഞള്‍, വെളുത്തുള്ളി, ചീര, ബ്രക്കോളി, ചുവന്ന മുന്തിരി, മധുരക്കിഴങ്ങ്, പനിക്കൂര്‍ക്ക എന്നിവയാണ് ഈ ഏഴ് സുപ്രധാന വിഭവങ്ങള്‍. ഇവ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ച് പാന്‍ക്രിയാസിനെ സംരക്ഷിക്കുന്നു എന്ന് നോക്കാം. പാന്‍ക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ ഉല്‍പാദനം ഊര്‍ജ്ജിതപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും. പ്രകൃതിദത്ത ആന്റിബയോട്ടിക്കായ വെളുത്തുള്ളി തേന്‍, ഉള്ളി, ഉലുവ പോലുള്ള മറ്റ് ഭക്ഷണങ്ങളുടെ ഒപ്പം ഉപയോഗിച്ചാല്‍ ഇതിന്റെ ഗുണം അധികരിക്കുന്നു. പാന്‍ക്രിയാസ് ഉള്‍പ്പെടെയുള്ള അവയവങ്ങളിലെ കോശങ്ങളെ റിപ്പയര്‍ ചെയ്യുക വഴി പ്രതിരോധ ശക്തിയും വെളുത്തുള്ളി വര്‍ധിപ്പിക്കുന്നു. വൈറ്റമിന്‍ ബിയും അയണും അടങ്ങിയ ചീര പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലെ അയണ്‍ പാന്‍ക്രിയാസിലെ നീര്‍ക്കെട്ട് നിയന്ത്രിക്കുമ്പോള്‍ ബി വൈറ്റമിനുകള്‍ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു. ബ്രക്കോളി, കാബേജ്, കോളിഫ്‌ളവര്‍, കേയ്ല്‍ പോലുള്ള പച്ചക്കറികളിലും അര്‍ബുദത്തിനെതിരെ പോരാടുന്ന പോഷണങ്ങളുണ്ട്. ചുവന്ന മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ് വെരാറ്റോള്‍ അതിശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണെന്ന് ക്ലീവ് ലാന്‍ഡ് ക്ലിനിക്ക് ചൂണ്ടിക്കാണിക്കുന്നു. പാന്‍ക്രിയാസിലെ അര്‍ബുദസാധ്യത 50 ശതമാനം കുറയ്ക്കാന്‍ മധുരക്കിഴങ്ങിന് സാധിക്കും. പനികൂര്‍ക്ക, അയമോദകം തുടങ്ങിയവയും പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.96, പൗണ്ട് – 106.69, യൂറോ – 91.85, സ്വിസ് ഫ്രാങ്ക് – 97.73, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.01, ബഹറിന്‍ ദിനാര്‍ – 222.76, കുവൈത്ത് ദിനാര്‍ -274.42, ഒമാനി റിയാല്‍ – 218.08, സൗദി റിയാല്‍ – 22.37, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 23.03, കനേഡിയന്‍ ഡോളര്‍ – 61.12.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *