മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമയുഗം’. ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം ഹൊറര്‍- ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. ഫെബ്രുവരി 15 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. മമ്മൂട്ടിയെ കൂടാതെ അര്ജുന് അശോകനും സിദ്ധാര്‍ത്ഥ് ഭരതനും അമല്‍ഡ ലിസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് ആയതുകൊണ്ട് തന്നെ ആഖ്യാനത്തിലും മറ്റും ഒരു പരീക്ഷണത്തിനായാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘1956 മധ്യ തിരുവിതാംകൂര്‍’ എന്ന ചിത്രവും ബ്ലാക്ക് ആന്റ് വൈറ്റിലായിരുന്നു പുറത്തിറങ്ങിയത്. വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറില്‍ രാമചന്ദ്ര ചക്രവര്‍ത്തിയും ശശി കാന്തും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത മലയാള സാഹിത്യകാരന് ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങള്‍ എഴുതുന്നത്. രാഹുല്‍ സദാശിവന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. പബ്ലിസിറ്റി ചിലവ് ഉള്‍പ്പെടാതെ ചിത്രത്തിന് 27.73 കോടി രൂപ ബഡ്ജറ്റ് വന്നുവെന്നാണ് എക്സില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ നിര്‍മാതാക്കളില്‍ ഒരാളായ രാമചന്ദ്ര ചക്രവര്‍ത്തി കമന്റ് ചെയ്തിരിക്കുന്നത്.
‘ഭ്രമയുഗം’ ചിത്രത്തിന് 27.73 കോടി രൂപ ബഡ്ജറ്റ്!
