ലോകമെമ്പാടുമുള്ള ആറ് പേരില്‍ ഒരാള്‍ ഏകാന്തത അനുഭവിക്കുന്നു. മനുഷ്യരെ വ്യാപകമായി പിടികൂടിയ ഈ ഏകാന്തത ഓരോ മണിക്കൂറിലും 100 മരണങ്ങള്‍ക്ക് കാരണമാകുന്നു. അതായത് പ്രതിവര്‍ഷം 8,71,000 ല്‍ അധികം മരണങ്ങളാണ് ഏകാന്തത മൂലം സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും, പ്രത്യേകിച്ച് യുവാക്കളെയും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളെയും ഏകാന്തത കൂടുതലായി ബാധിക്കുന്നു. സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഡാറ്റ പരിമിതമാണെങ്കിലും, പ്രായപൂര്‍ത്തിയായ മൂന്ന് പേരില്‍ ഒരാളും കൗമാരപ്രായക്കാരായ നാല് പേരില്‍ ഒരാളും ഏകാന്തത അനുഭവപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. ലോകത്തെ 13 വയസ്സു മുതല്‍ 29 വയസ്സ് വരെ പ്രായമുള്ളവരില്‍ 17 ശതമാനം മുതല്‍ 21 ശതമാനം വരെ പേര്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് പറയുന്നു, ഈ പ്രായ വിഭാഗത്തില്‍ ഏകാന്തതയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൗമാരക്കാരിലാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഏകദേശം 24 ശതമാനം ആളുകളും ഏകാന്തത അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് പറയുന്നു ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ (ഏകദേശം 11 ശതമാനം) നിരക്കിന്റെ ഇരട്ടിയാണിത്. മോശം ആരോഗ്യം, കുറഞ്ഞ വരുമാനവും വിദ്യാഭ്യാസവും, ഒറ്റയ്ക്ക് താമസിക്കുന്നത്, അപര്യാപ്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഏകാന്തതയ്ക്കും സാമൂഹിക ഒറ്റപ്പെടലിനും കാരണമായി കണ്ടെത്തിയിട്ടുള്ളത്.
ഏകാന്തത മൂലം ഓരോ മണിക്കൂറിലും മരിക്കുന്നത് 100 പേര്!
