തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ പ്രതിരോധത്തിൽ നിൽക്കെയാണ് കൂടുതൽ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ച് കെഎംആര്‍എൽ എംഡി ലോക്നാഥ് ബെഹ്റ. ഡിപിആര്‍ ഒന്നരമാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് ബെഹ്റ വ്യക്തമാക്കി. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കും. 6 മാസത്തിനുള്ളിൽ നിര്‍മാണത്തിലേക്ക് കടക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥന വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഏകീകരണം ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് പറഞ്ഞ മന്ത്രി നടത്തിയത് പ്രഖ്യാപനമല്ല, നിർദേശം മാത്രമാണെന്നും വ്യക്തമാക്കി. ഏകീകരണം വേണോയെന്ന് ചർച്ചയിലൂടെ തീരുമാനിക്കുമെന്നും മതനിരപേക്ഷ സമൂഹത്തിൽ മാറ്റം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വന്ദേമാതരം പരിഗണിക്കുന്നതിൽ മന്ത്രി വിയോജിപ്പ് അറിയിച്ചു. ദേശീയ ഗാനം, എൻഎസ്എസ് ഗീതം പോലെ പൊതുഗീതങ്ങൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ. എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്.
നടി ഗൗരി ജി. കിഷനോട് ശരീരഭാരത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യമുയര്‍ത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക്. നടിക്ക് മനോവിഷമമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കാര്‍ത്തിക്കിന്റെ പ്രതികരണം. അതേസമയം, തന്റെ ചോദ്യത്തെ കാര്‍ത്തിക് ന്യായീകരിച്ചു.
കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും. 36 ലക്ഷത്തോളം എന്യുമറേഷൻ ഫോം ഇതുവരെ വിതരണം ചെയ്തു. പകുതിയോളം ആളുകൾ പൂരിപ്പിച്ച് തിരികെ നൽകിയെന്നും 13% ത്തോളം എന്യുമറേഷൻ ഫോമാണ് ഇതുവരെ വിതരണം ചെയ്തതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിലായി. തൃശൂർ സ്വദേശിയാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 974.5 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. മസ്കത്തിൽ നിന്നാണ് ഇയാൾ എത്തിയത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റിയൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ബസുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. കേരളത്തിലേക്ക് വരുന്ന 110 സ്വകാര്യ ബസുകൾ നിർത്തി വച്ച് ഉടമകൾ. കേരള ഗതാഗത വകുപ്പ് തമിഴ് നാട്ടിൽ നിന്നും വരുന്ന ബസുകൾക്ക് മേൽ ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുന്നുവെന്നാണ് പരാതി. കേരളത്തിലെ പരിശോധനയിൽ പ്രതിഷേധിച്ച് തീരുമാനം.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണം മറ്റൊരു തട്ടിപ്പെന്ന സംശയത്തിൽ പൊലീസ്. വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. മാർച്ചിൽ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞില്ല. 20 കോടിയുടെ വസ്തുക്കൾ വീട്ടിൽ നിന്ന് മോഷണം പോയെന്നാണ് മോൻസന്റെ പരാതി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വേണു എന്ന രോഗിയെ തറയില്‍ കിടത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍. ധാരാളം മെഡിക്കല്‍ കോളേജുകൾ തുടങ്ങിയിട്ട് കാര്യമില്ല. നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ ശക്തിപ്പെടുത്തണം. ഒരിക്കല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ വളരെ വിഷമകരമായ അവസ്ഥയുണ്ടായെന്നും ഡോക്ടര്‍ കൂട്ടിച്ചേർത്തു.
കോട്ടയം തിരുവഞ്ചൂരിൽ ആഭിചാരക്രിയകളുടെ പേരിൽ യുവതിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുരത്ത്. ആഭിചാരത്തിനിടെ മദ്യം നല്‍കിയെന്നും ബീഡി വലിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തി. ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു ആഭിചാരമെന്ന് യുവതി പറയുന്നു. ആഭിചാരത്തിനിടെ മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ചെയ്തു.യുവതിയുടെ അച്ഛന്‍റെ പരാതിയിലാണ് മണർകാട് പൊലീസ് കേസെടുത്തത്.
ഇടുക്കി ജില്ലയില്‍ രണ്ട് കാത്ത് ലാബുകള്‍ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി മെഡിക്കല്‍ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നല്‍കിയത്.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. ചെന്നൈ ആസ്ഥാനമായ സവിതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആന്റ് ടെക്നിക്കൽ സയൻസസിന്റേതാണ് ആദരം. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സ്വാമി സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.
പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലുണ്ടെന്ന് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. കോയമ്പത്തൂരിൽ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണിൽ വിളിച്ചു എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
നെല്ല് സംഭരിക്കാൻ തയാറാണെന്ന് 31 സഹകരണ സംഘങ്ങൾ അറിയിച്ചതായി മന്ത്രി വി എൻ വാസവൻ. സഹകരണ ബാങ്കുകൾ വഴി നെല്ല് സംഭരിക്കുന്നത് ചർച്ച ചെയ്യാൻ നടത്തിയ മന്ത്രിസഭാ ഉപസമിതി യോഗം പൂർത്തിയായി. ഇതിനുശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു. ഉപസമിതി യോഗത്തിൽ സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ സംഘങ്ങൾ സ്വാഗതം ചെയ്തതായും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു.മരിച്ച വേണുവിന്റെ ക്രിയാറ്റിൻ ലെവൽ കൂടുതൽ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖയാണ് പുറത്ത് വന്നത്.ക്രിയാറ്റിൻ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം.
പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
ഗർഭഛിദ്ര ആരോപണമടക്കം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പാലക്കാട്ട് വേദി പങ്കിട്ടതിൽ യാതൊരു പ്രശ്നവും തോന്നുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാഹുലിനെ തടയില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
മറ്റൊരാളില്‍നിന്നു വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രീമിയം അടച്ചിട്ടുള്ളതിനാല്‍ വാഹന ഉടമസ്ഥത മാറിയത് ഇന്‍ഷുറന്‍സ് ബാധ്യതയെ ബാധിക്കില്ല.
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്‍റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ, ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആര്‍എല്‍ തയ്യാറാക്കുന്ന പദ്ധതി രേഖ പ്രകാരമായിരിക്കും കേരളം അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഉത്തർപ്രദേശിലെ മീററ്റിൽ യുവാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്ന്. അവിഹത ബന്ധം ഭർത്താവറിഞ്ഞതിന് പിന്നാലെ കാമുകനുമായി ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയാണെന്ന് പൊലീസ്.ഇതോടെ അഞ്ജലിയും അജയും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് വിവരം.
അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ് സർവീസുകൾ താറുമാറായത്. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്.
അമേരിക്കൻ സൈനിക താവളത്തിലെത്തിയ സംശയകരമായ പാക്കറ്റ് തുറന്നതിന് പിന്നാലെ നിരവധിപ്പേർക്ക് ശാരീരികാസ്വാസ്ഥ്യം. എയർ ഫോഴ്സ് വണ്ണിന്റെ ബേസിലേക്കാണ് സംശയകരമായ പാക്കറ്റ് എത്തിയത്.തിരിച്ചറിയാൻ സാധിക്കാത്ത വെള്ള നിറത്തിലുള്ള പൊടിയായിരുന്നു പാക്കറ്റിലുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൈന തങ്ങളുടെ മിസൈൽ ഉത്പാദന കേന്ദ്രങ്ങൾ 2020 മുതൽ വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങിയതായി റിപ്പോര്‍ട്ട്. യു എസ് സൈന്യത്തെ പ്രതിരോധിക്കാനും മേഖലയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുമുള്ള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്നും സി എൻ എൻ. പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിശകലന റിപ്പോർട്ടിൽ പറയു്നു.
അഞ്ച് ഇന്ത്യക്കാരെ മാലിയിൽ തട്ടിക്കൊണ്ട് പോയി. മാലിയിലെ കോബ്രിയിൽ നിന്നാണ് അഞ്ച് ഇന്ത്യക്കാരെയാണ് തോക്കിൻ മുനയിൽ തട്ടിക്കൊണ്ട് പോയത്. ഇവർ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷാ അധികൃതരും തട്ടിക്കൊണ്ട് പോകൽ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ആയുധധാരികളായ സംഘം ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയത്. സായുധ തീവ്രവാദ ജിഹാദി സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം.
ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കുപ്‌വാരയിലെ കേരന്‍ സെക്ടറില്‍ ശനിയാഴ്ചയാണ് സംഭവം. നുഴഞ്ഞുകയറ്റം സംബന്ധിച്ച്.ഏജന്‍സികളില്‍നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപ്പറേഷന്‍. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു.
മുന്‍ സെലക്ടര്‍ അടക്കം ദേശീയ ടീം മാനേജ്മെന്റിലെ അംഗങ്ങള്‍ക്കെതിരായ വനിതാ ക്രിക്കറ്റ് താരത്തിന്റെ ലൈംഗികപീഡന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). വനിതാ താരത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി ബിസിബി അറിയിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
മെക്‌സിക്കോയിലെ ഇസ്രയേലിന്റെ അംബാസഡര്‍ ഈനത്ത് ക്രാന്‍സ് നെയ്ഗറിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഈ ഗൂഢാലോചന യുഎസ്, ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ മെക്‌സിക്കോ അധികൃതര്‍ തകര്‍ത്തുവെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂണഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആയിരുന്നു ഇതിന് പിന്നിലെന്നും യുഎസ്, ഇസ്രയേല്‍ അധികൃതര്‍ വെള്ളിയാഴ്ച വ്യക്തമാക്കി.
ദില്ലി വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെങ്കിലും ചില വിമാനങ്ങൾ വൈകുന്നത് തുടരുന്നു. എന്നാൽ ഭൂരിഭാഗം വിമാനങ്ങളും കൃത്യ സമയം പാലിക്കുന്നുണ്ടെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. ഇന്നലെ 800 വിമാനങ്ങളാണ് തകരാർ കാരണം വൈകിയത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും, യാത്രക്കാർ വിമാന കമ്പനികളുമായി പരമാവധി സമ്പർക്കം പുലർത്തണമെന്നും ഇന്നും ദില്ലി വിമാനത്താവള അധികൃതർ ആവർത്തിച്ചു
അൽബേനിയൻ – ഗ്രീക്ക് അതിർത്തിയിലെ ഒരു സൾഫർ ഗുഹയിൽ ലോകത്തിലെ ഏറ്റവും വലിയ ചിലന്തി കോളനി ശാസ്ത്രജ്ഞർ കണ്ടെത്തി. വിഷവാതകം നിറഞ്ഞതും സൂര്യപ്രകാശമില്ലാത്തതുമായ ഈ കഠിനമായ ആവാസവ്യവസ്ഥയിലാണ് ഒരു ലക്ഷത്തോളം ചിലന്തികൾ ജീവിക്കുന്നത്.
ആര്‍ജെഡിയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ജെഡി കുഞ്ഞുങ്ങളുടെ മനസ്സില്‍ വിഷംനിറയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സീതാമഢിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ദേശീയഗാനമായ വന്ദേമാതരത്തിന് 150 വർഷം തികയുന്ന വേളയിൽ അത് ചൊല്ലാൻ സമാജ്‌വാദി പാർട്ടി മഹാരാഷ്ട്ര പ്രസിഡൻ്റ് അബു ആസ്മി വിസമ്മതിച്ചത് വലിയ വിവാദത്തിൽ. ആസ്മിയുടെ മുംബൈയിലെ വസതിക്ക് പുറത്ത് നിരവധി ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി, മുദ്രാവാക്യം വിളിച്ചു.മതവിശ്വാസികളായ, അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് മറ്റൊരാളെ ആരാധിക്കാൻ കഴിയില്ലെന്നും ആസ്മി പറഞ്ഞിരുന്നു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ഇരുകൈകളിലും മഷിപ്പാടുമായി എല്‍ജെപി (രാംവിലാസ്) എംപി ശാംഭവി ചൗധരി. എംപിയുടെ ഇരുകൈകളിലെയും മഷിപ്പാടുകള്‍ നിമിഷനേരംകൊണ്ടാണ് വിവാദത്തിന് വഴിതെളിച്ചത്. ശാംഭവി ഇരട്ട വോട്ട് രേഖപ്പെടുത്തിയെന്ന് ചിലര്‍ ആരോപണമുന്നയിച്ചപ്പോള്‍ പോളിങ് ബൂത്തിലുണ്ടായ കൈപ്പിഴയാകാം കാരണമെന്നായിരുന്നു എതിര്‍പക്ഷക്കാരുടെ വാദം.
