ഷഓമി, റെഡ്മി, പോകോ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എംഐയുഐ എന്ന യൂസര്‍ ഇന്റര്‍ഫേസിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. 2010-ലാണ് ആന്‍ഡ്രോയ്ഡില്‍ അധിഷ്ടിതമായ എംഐയുഐ, ഷഓമി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള അതിന്റെ ഏറ്റവും പുതിയ പതിപ്പായ എംഐയുഐ 14 കമ്പനി അവതരിപ്പിച്ചത്. എന്നാല്‍, എംഐയുഐ-യോട് വിടപറയാനൊരുങ്ങുകയാണ് ചൈനീസ് ടെക് ഭീമന് ഷഓമി. ഹൈപ്പര്‍ഒഎസ് എന്ന പുതിയ ഓപറേറ്റിങ് സിസ്റ്റമാണ് സക്സസറായി എത്താന്‍ പോകുന്നത്. അതേസമയം, നിലവില്‍, ഹൈപ്പര്‍ഒഎസ് ചൈനയില്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കും. എന്നാല്‍, ഭാവിയില്‍ ചൈനയ്ക്ക് പുറത്ത് അതിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എംഐയുഐ-യുടെ ജനപ്രീതി വലിയതോതില്‍ ഇടിയുന്ന കാഴ്ചയായിരുന്നു. ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും അവര്‍ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും കളര്‍ഒഎസ് പോലുള്ള മറ്റ് സമകാലികരുമായി താരതമ്യപ്പെടുത്തുമ്പോള്‍. ഹൈപ്പര്ഒഎസിലൂടെ അതിലൊരു മാറ്റം കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നത്. അതേസമയം, പുതിയ ഷഓമി 14 സീരീസ് ഫോണുകള്‍ നവംബര്‍ തുടക്കത്തില്‍ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകള്‍. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രൊസസറായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ഈ മാസം 24ന് ലോഞ്ച് ചെയ്തതിന് പിന്നാലെ ഷഓമി 14 മോഡലുകള്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്യും.