തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് പ്രാരംഭ ഓഹരി വില്പന നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി. കഴിഞ്ഞ ജൂലൈയിലാണ് ഐ.പി.ഒയ്ക്കായി ഇസാഫ് ബാങ്ക് സെബിക്ക് അപേക്ഷ സമര്‍പ്പിച്ചത്. അതിന് മുമ്പ് രണ്ടുവട്ടം അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങള്‍ മൂലം ഐ.പി.ഒ നടത്തിയിരുന്നില്ല. അനുമതി ലഭിച്ചാല്‍ ഒരുവര്‍ഷത്തിനകം ഐ.പി.ഒ നടത്തിയില്ലെങ്കില്‍ അനുമതി അസാധുവാകും. ആകെ 629 കോടി രൂപയാകും ഐ.പി.ഒയിലൂടെ ഇസാഫ് ബാങ്ക് സമാഹരിക്കുക. ഇതില്‍ 486.74 കോടി രൂപ പുതിയ ഓഹരികളായിരിക്കും. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയിലിലൂടെ 142.30 കോടി രൂപയും സമാഹരിക്കും. ഇസാഫ് ബാങ്കിന് പുറമേ കേരളത്തില്‍ നിന്നുള്ള ഏതാനും കമ്പനികള്‍ കൂടി ഐ.പി.ഒയ്ക്ക് ഒരുങ്ങുകയാണ്. പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് സെബിക്ക് അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞു. പുതു ഓഹരികളിലൂടെ 250 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഫെഡ്ഫിന), മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ്, ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവയും ഐ.പി.ഒയ്ക്ക് സജ്ജമാവുകയാണ്. 1,400 കോടി രൂപയാണ് ഐ.പി.ഒയിലൂടെ ഫെഡ്ഫിനയുടെ ഉന്നം. ആശീര്‍വാദ് 1,500 കോടി രൂപയും മുത്തൂറ്റ് മൈക്രോഫിന്‍ 1,000 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.
ഇസാഫ് ബാങ്കിന് ഐ.പി.ഒ നടത്താന്‍ അനുമതി
