വെട്രിമാരന്‍- സിമ്പു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘അരസനി’ല്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നു. ‘വടചെന്നൈ’ യൂണിവേഴ്സില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിമ്പുവിന്റെ വില്ലനായാണോ വിജയ് സേതുപതി എത്തുന്നതെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന കാര്യം. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് വെട്രിമാരന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും വടക്കന്‍ ചെന്നൈയിലെ അധോലോക കഥയുമായി വെട്രിമാരന്‍ എത്തുമ്പോള്‍ തമിഴ് സിനിമയിലെ മറ്റൊരു ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് തുടക്കമാവുന്നത്. റിയലിസ്റ്റിക് ആഖ്യാന ശൈലിയില്‍ വളരെ വലിയ ബഡ്ജറ്റിലാവും ചിത്രമൊരുങ്ങുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
