സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയർന്നിരിക്കുന്നത്. മുകേഷ് രാജിവെക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. അതോടൊപ്പം എൽദോസ് കുന്നപ്പള്ളിക്കും വിൻസൻ്റിനുമെതിരെ പാർട്ടി നടപടിയെടുത്തിരുന്നുവെന്നും സതീശൻ പറഞ്ഞു. കുന്നപ്പള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയിൽ കാര്യങ്ങൾ വ്യക്തമായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി മുൻകൂർ ജാമ്യത്തിന് പോലും പോയില്ലല്ലോ. എന്നാൽ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. മുകേഷിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോൺഗ്രസുമായി ബന്ധപ്പെട്ടയാൾക്കെതിരെ ആരോപണം വന്നയുടൻ അദ്ദേഹത്തോടെ കെപിസിസി പ്രസിഡൻ്റ് രാജി ആവശ്യപ്പെട്ടു. മുകേഷ് രാജിവെക്കാൻ തയ്യാറല്ല. സിപിഎം മുകേഷിനോട് രാജി ആവശ്യപ്പെടണമെന്നും സതീശൻ കൂട്ടിച്ചേർത്തു.