ടിവിഎസ് മോട്ടര്‍ കമ്പനി ഗോവയില്‍ നടത്തിയ മോട്ടോസോള്‍ 4.0 ഈവന്റില്‍, കമ്പനി രൂപപ്പെടുത്തിയ പുതിയ എന്‍ജിന്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ആര്‍ടിഎക്‌സ്ഡി4 എന്ന പുതിയ പ്ലാറ്റ്‌ഫോമിലെ എന്‍ജിനുകള്‍ റേസിങ് പെര്‍ഫോമന്‍സ് ശേഷി ഉള്ളവയായിരിക്കുമെന്നു കമ്പനി അറിയിച്ചു. ആര്‍ടിഎക്‌സ്ഡി4 300 എന്ന ലിക്വിഡ് കൂള്‍ഡ് 299.1 സിസി എന്‍ജിനാണ് ഈ പ്ലാറ്റ്‌ഫോമില്‍ ആദ്യമെത്തുന്നത്. 35 പിഎസ് കരുത്തും 28.5 എന്‍എം ടോര്‍ക്കുമാണുള്ളത്. 6സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ഒപ്പമുണ്ടാവുക. മോഡേണ്‍റെട്രോ സ്‌റ്റൈല്‍ ബൈക്ക് ആയ ടിവിഎസ് റോണിനിന്റെ 2025 പതിപ്പും മോട്ടോസോളില്‍ അവതരിപ്പിച്ചു. 20.4 പിഎസ് കരുത്തുള്ള 225 സിസി ബൈക്കാണിത്. 3 വേരിയന്റുകളില്‍ ഇതുവരെ ടോപ് വേരിയന്റിനു മാത്രമായിരുന്നു ഡ്യുവല്‍ ചാനല്‍ എബിഎസ് എങ്കില്‍ 2025 പതിപ്പില്‍ ബേസ് വേരിയന്റ് ഒഴികെ 2 വേരിയന്റിലും ഈ സുരക്ഷാ സംവിധാനം ലഭ്യമാണ്.