മെയ് 31 പുകയിലവിരുദ്ധദിനം. ‘ഭക്ഷണമാണ്, പുകയിലയല്ല ഞങ്ങള്‍ക്കാവശ്യം’ എന്നതാണ് ഈ വര്‍ഷത്തെ തീം. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനായി ലോകമെമ്പാടും ഈ ദിനം ആചരിച്ചു വരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം നശിപ്പിക്കുന്നതോടൊപ്പം പുകയില ബീജാണുക്കളുടെ ആരോഗ്യത്തെയും സെമിനല്‍ പ്ലാസ്മയെയും മറ്റ് പ്രത്യുല്പാദനഘടകങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കാന്‍സര്‍ വരാനുള്ള സാധ്യതയും പുകയില ഉപയോഗിക്കുന്നവര്‍ക്കിടയില്‍ കൂടുതലാണ്. സിഗരറ്റ് വലിക്കുന്നത് പ്രത്യുല്‍പാദനക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്. ഹോര്‍മോണ്‍ ഉല്പാദനത്തെയും ഇത് ദോഷകരമായി ബാധിക്കും. പുകവലിയും പുകയിലയുടെ പുക ശ്വസിക്കുന്നതും വ്യക്തിയുടെ പ്രത്യുല്പാദന സംവിധാനത്തിന് ഹാനികരമാണ്. ഇതോടൊപ്പം ബീജത്തിലെ ഡിഎന്‍എയ്ക്കും പുകവലി തകരാറുണ്ടാക്കും. പാരിസ്ഥിതികവും ജീവിതശൈലീ ഘടകങ്ങളുമായ പുകവലി, അമിതമദ്യപാനം തുടങ്ങിയവ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഇത് ബീജത്തിന്റെ എണ്ണവും ഗുണവും കുറച്ച് വന്ധ്യതയിലേക്കു നയിക്കും. പുകവലി, വായ, ലാരിംഗ്സ്, ഫാരിംഗ്സ് (തൊണ്ട), അന്നനാളം, വൃക്ക, സെര്‍വിക്സ്, കരള്‍, ബ്ലാഡര്‍, പാന്‍ക്രിയാസ്, ഉദരം, മലാശയം, മലദ്വാരം എന്നിവിടങ്ങളില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടും. പുകവലി, രക്തസമ്മര്‍ദം കൂട്ടുകയും വ്യായാമം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും രക്തം കട്ടപിടിക്കാന്‍ ഇടയാക്കുകയും ചെയ്യും. രക്തത്തിലെ നല്ല കൊളസ്ട്രോള്‍ ആയ എച്ച്ഡിഎല്ലിന്റെ അളവ് കുറയ്ക്കാനും പുകവലി കാരണമാകുന്നു. ഈ ഘട്ടങ്ങളെല്ലാം ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും. ഉദ്ധാരണക്കുറവിനും പുകവലി കാരണമാകുന്നു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉദ്ധാരണം നിലനിര്‍ത്താന്‍ സാധിക്കാതെ വരും.