ഒരു ദിവസം നിങ്ങള്‍ എടുക്കുന്ന പുഷ് അപ്പ് കണക്കുകളൊക്കെ നിങ്ങളുടെ ഹൃദയാരോഗ്യത്തെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 2019-ല്‍ ഹാര്‍വാഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 40 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പുഷ്-അപ്പുകള്‍ ചെയ്യാന്‍ കഴിയുന്ന പുരുഷന്മാര്ക്ക് പത്തില്‍ താഴെ പുഷ്-അപ്പുകള്‍ ചെയ്യാന്‍ കഴിയുന്നവരെ അപേക്ഷിച്ച്, ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 96 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ മുകള്ഭാഗം, കോര്‍, താഴെ ഭാഗം എന്നിവ ഉള്‍പ്പെടുന്ന വ്യായാമമാണ് പുഷ്-അപ്പുകള്‍. നല്ല ഫോമില്‍ 40 വരെ പുഷ്-അപ്പുകള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് നല്ല പേശി സഹിഷ്ണുത, ആരോഗ്യകരമായ ഭാരം, നല്ല ഹൃദയാരോഗ്യം എന്നിവ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗത്തിനെതിരായ സംരക്ഷണ ഘടകങ്ങളാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വിലയിരുത്തുന്നതിനുള്ള പണച്ചെലവില്ലാത്ത ഒരു പരിശോധന കൂടിയാണ് പുഷ്-അപ്പുകള്‍ എന്ന് ചുരുക്കം. പരമ്പരാഗത ട്രെഡ്മില് പരിശോധനകളേക്കാള്‍ ഹൃദയ സംബന്ധമായ അപകടസാധ്യതയുടെ മികച്ച പ്രവചനം പുഷ്-അപ്പ് നല്‍കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. 40 പുഷ്-അപ്പുകള്‍ ചെയ്യാന്‍ ആവശ്യമായ സഹിഷ്ണുതയും പേശിബലവും ഉണ്ടെങ്കില്‍, നിങ്ങളുടെ ഹൃദയം നല്ല നിലയിലായിരിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം, പുഷ്-അപ്പുകള്‍ എടുക്കുന്നതിന് എണ്ണം കുറയുന്നത് നിങ്ങള്‍ ഹൃദ്രോഗിയാണെന്ന് അര്‍ഥമാക്കുന്നില്ല. ഇത് നിങ്ങളുടെ ശക്തി, ഫിറ്റ്നസ്, ആരോഗ്യ ശീലങ്ങളില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്താന്‍ സമയമായെന്ന് സൂചനയാണെന്നും ഗവേഷകര്‍ പറയുന്നു.
ഹൃദയാരോഗ്യം നിര്‍ണയിക്കും പുഷ്-അപ്പുകള്‍
