മസാല ബോണ്ട് കേസിലെ ഇഡി സമൻസിനെതിരെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചു. ഇഡി അയച്ചിരിക്കുന്ന സമൻസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്നാണ് കാരണം . നിയമവിരുദ്ധമായ ഈ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തോമസ് ഐസക്ക് ഹർജി നൽകിയിരിക്കുന്നത്. ഹൈക്കോടതി നാളെ ഈ കേസ് പരിഗണിക്കും.
ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി മുൻപും ചോദിച്ചിരുന്നു. കിഫ്ബി മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക വിവര ശേഖരണത്തിന് വേണ്ടിയല്ലേ രേഖകൾ ആവശ്യപ്പെട്ടത്അതിനോട് സഹകരിക്കുകയല്ലേ വേണ്ടതെന്നും കോടതി കിഫ്ബിയോട് ചോദിച്ചിരുന്നു. ആവശ്യപ്പെട്ട രേഖകൾ നൽകി എന്നാണ് കിഫ്ബി പറഞ്ഞത്. തുടർച്ചയായി സമൻസുകൾ നൽകി ഇ ഡി ബുദ്ധിമുട്ടിക്കുകയാണെന്നും കിഫ്‌ബി പറഞ്ഞു. എന്നാൽ കിഫ്‌ബി ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കില്ലെന്ന് ഇഡി ആരോപിച്ചു.