തൊണ്ടയ്ക്ക് ഒരു കരകരപ്പ്, ശരീരമൊക്കെ നൊമ്പരപ്പെടുന്നു… ജലദോഷത്തിന് മുന്‍പേ വരുന്ന ഈ സൂചനകള്‍ നിസാരമാക്കരുത്. ജലദോഷത്തെ മുളയിലേ നുള്ളാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ജലദോഷത്തിന്റെ സൂചനകള്‍ കിട്ടിയാല്‍ ആദ്യം ചെയ്യേണ്ടത് പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണം ഈ സമയത്ത് കഴിക്കണം. വിറ്റാമിന്‍ സി ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. സിട്രസ് പഴങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, കിവി തുടങ്ങിയവയാണ് വിറ്റാമിന്‍ സി യുടെ പ്രധാന ഉറവിടങ്ങള്‍. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ ജലദോഷം 50 ശതമാനം വരെ കുറയ്ക്കും. കൂടാതെ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിച്ച് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക. ഇത് ജലദോഷം 27 ശതമാനം കുറയ്ക്കാന്‍ സഹായിക്കും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം തൊണ്ട വേദന ഒഴിവാക്കാന്‍ അല്പം തേന്‍ കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റി-മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആവി പിടിക്കുന്നത് കഫം ഉരുകി പോകാനും സഹായിക്കും. എട്ട് മുതല്‍ 9 ഗ്ലാസ് വരെ വെള്ളം ഒരു ദിവസം കുടിക്കാന്‍ ശ്രമിക്കുക. കൂടാതെ ഏഴ് മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാനും ശ്രമിക്കുക. ഇത് നിങ്ങളുടെ പ്രതിരോധശേഷിയെ അണുബാധയോട് പൊരുതാന്‍ സഹായിക്കും. ജലദോഷം പിടിപ്പെട്ടിരിക്കുന്ന സമയം ആളുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതാണ് നല്ലത്. ഇത് അണുബാധ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കും. ജലദോഷമുള്ളപ്പോഴും ചെറിയ തോതില്‍ വ്യായാമം ചെയ്യാം.
ജലദോഷത്തെ മുളയിലേ നുള്ളാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
