ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്ന് അറിയപ്പെടുന്ന ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ ഇവ 19 പ്രത്യേക തരം അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കുമെന്ന് ജോര്‍ജിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 10 വര്‍ഷത്തോളം നീണ്ട പഠനത്തില്‍ യുകെയില്‍ നിന്നുള്ള 2,50,000 ആളുകളാണ് ഭാഗമായത്. പഠന കാലയളവില്‍ ഇതില്‍ 30000 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ഉയര്‍ന്ന അളവിലുള്ള ഒമേഗ -3 വന്‍കുടല്‍, ആമാശയം, ശ്വാസകോശ അര്‍ബുദം, ദഹനനാളത്തിലെ അര്‍ബുദം എന്നിവയുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. അതേസമയം ഉയര്‍ന്ന അളവില്‍ ഒമേഗ-6 ഫാറ്റി ആസിഡ് തലച്ചോറ്, ചര്‍മം, മൂത്രസഞ്ചി എന്നിവ ഉള്‍പ്പെടെ 14 വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം നിയന്ത്രിക്കുന്നതിനും കോശവളര്‍ച്ച നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും അര്‍ബുദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും ഇത് കൂടുതല്‍ സഹായിച്ചുവെന്നാണ് പഠനം വിശദീകരിക്കുന്നത്. എന്നാല്‍ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയര്‍ന്ന അളവ് പുരഷന്മാരില് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും അര്‍ബുദത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും സാല്‍മണ്‍, വാല്‍നട്ട്, ഫ്ളാക്സ് സീഡുകള്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ദൈനംദിനം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രധാനമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ കൊഴുപ്പുകള്‍ 19 തരം അര്‍ബുദങ്ങളെ പ്രതിരോധിക്കും
