സംസ്ഥാനത്ത് റെക്കോഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് പുതിയ റെക്കോഡ് തൊട്ടു. ഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയും എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,985 രൂപയായി. 14 കാരറ്റിന് 6,215 രൂപയും ഒമ്പത് കാരറ്റിന് 4,010 രൂപയുമാണ് ഇന്നത്തെ വില. ഓണക്കാലത്ത് തന്നെ പവന്‍ വില 80,000 കടക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ കച്ചവടക്കാരും ആഭരണ പ്രേമികളും. രാജ്യാന്തര വില ഇന്ന് ആദ്യമായി 3,500 ഡോളര്‍ മറികടന്ന് ഔണ്‍സിന് 3,508.54ലെത്തി റെക്കോഡിട്ടു. പിന്നീട് വില അഞ്ച് ഡോളറോളം താഴ്ന്നെങ്കിലും മുന്നേറ്റ സാധ്യതയാണ് പ്രവചിക്കുന്നത്. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും യു.എസില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വര്‍ണത്തില്‍ വിലക്കുതിപ്പുണ്ടാക്കുന്നത്. ഒരു മാസത്തിനിടയില്‍ സ്വര്‍ണ വിലയില്‍ 3,480 രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്.