കോഴിക്കോട് ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികൾക്ക് ബുദ്ധിമുട്ടായി. സമരത്തെക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ രോഗികൾ തിരിച്ചു പോയി. അതേ സമയം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.ഡോക്ടറെ മർദിച്ച സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഐ എം എയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗത്തെ മാത്രമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയത്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഓഎയും മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ ജി എം സി ടി എയും സമരത്തിൽ പങ്കു ചേർന്നു. ഒ പി ബഹിഷ്കരിച്ചായിരുന്നു സർക്കാർ ഡോക്ടർമാരുടെ സമരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പി ജി വിദ്യാർത്ഥികൾ മാത്രമാണ് ഓപിയിലെത്തിയത്. കേസിലുൾപ്പെട്ട മുഴുവൻ ആളുകളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ എം എയുടെ നേതൃത്വത്തിൽ ഡോക്ടർമാർപ്രതിഷേധ മാർച്ച് നടത്തി.
ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികളെ വലച്ചു
