കോവിഡ് കാലയളവില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ ഉടന്‍ അവസാനിക്കും. ഇളവുകള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിസര്‍വ് ബാങ്ക് റിസ്‌ക് അനുമാന തോത് കോവിഡിന് മുന്‍പുള്ള 50 ശതമാനത്തിലേക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് 75 ലക്ഷത്തിന് മുകളില്‍ വായ്പ എടുക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നതാണ്. നിലവില്‍, പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. വായ്പ തുകയ്ക്ക് അനുസൃതമായി 5 ബേസിസ് പോയിന്റ് വരെയാണ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. 2022 മാര്‍ച്ച് 31 വരെയാണ് ആര്‍ബിഐ വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് 2023 മാര്‍ച്ച് വരെ ഇത് നീട്ടുകയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ ഭവന വായ്പയില്‍ 36.36 ശതമാനവും 75 ലക്ഷത്തിന് മുകളിലുള്ള വായ്പകളാണ്.