കേരള പൊലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികൾ തുടരുന്നു. ഇൻസ്പെക്ടർ പി.ആർ.സുനുവിന് പിന്നാലെ സി.ഐ ജയസനിലിനെ പിരിച്ചു വിടാൻ നടപടികൾ ആരംഭിച്ചു. അയിരൂർ എസ്.എച്ച്.ഒ ആയിരുന്ന ജയസനിൽ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ്. ഇയാൾക്കെതിരെ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് ആണ് പരാതിക്കാരൻ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ജയസനിലിനായിരുന്നു. ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ കേസിൻ്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം കാണാനെത്തിയ പ്രതിയോട് തൻ്റെ ചില താത്പര്യങ്ങൾ പരിഗണിക്കണമെന്നും സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കി തരാമെന്നും ജയസനിൽ പറഞ്ഞു. തുടർന്ന് യുവാവിനെ സിഐ താൻ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. ഇതു കൂടാതെ കേസ് അവസാനിപ്പിക്കാൻ അൻപതിനായിരം രൂപ ജയസനിൽ പ്രതിയിൽ നിന്നും കൈപ്പറ്റുകയും ചെയ്തു.