കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു സ്ഥാനാര്‍ത്ഥികളില്ലെന്ന് സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്നു സോണിയ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സോണിയയെ സന്ദര്‍ശിച്ചു. അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ഗാന്ധി വെള്ളിയാഴ്ച സോണിയയെ കാണും. കോണ്‍ഗ്രസ് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കും.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ശശി തൂരൂര്‍ മത്സരിക്കുമെന്ന സൂചനകള്‍ വന്നപ്പോഴേ, ഏതിര്‍പ്പുമായി കേരളത്തിലെ നേതാക്കളായ കെ. മുരളീധരനും കൊടിക്കുന്നില്‍ സുരേഷും. ശശി തരൂരിനെ കെപിസിസി പിന്തുണക്കില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. നെഹ്റു കുടുംബം അംഗീകരിക്കുന്നവരെ മാത്രമേ പിന്തുണയ്ക്കൂവെന്നാണ് മുരളിയുടേയും സുരേഷിന്റേയും നിലപാട്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് രാഷ്ടപതിക്കു പരാതി നല്‍കി. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപിയാണു രാഷ്ട്രപതിക്കു കത്തയച്ചത്.
ഗവര്‍ണര്‍ ആര്‍എസ്എസ് സ്വയം സേവകനായി പ്രവര്‍ത്തിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പ്രതിനിധിയായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുത്. ബില്ലില്‍ ഒപ്പുവച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല. ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കണമെന്നും ഗേവിന്ദന്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കാണാത്ത ബില്‍ ഒപ്പിടില്ലെന്നു മുന്‍വിധിയോടെ പറഞ്ഞ ഗവര്‍ണറെക്കൊണ്ട് ആര്‍എസ്എസ് പ്രശ്നമുണ്ടാക്കിക്കുകയാണ്. ചരിത്ര കോണ്‍ഗ്രസില്‍ കുറച്ച് പെണ്‍കുട്ടികളും 90 വയസുള്ള ഇര്‍ഫാന്‍ ഹബീബും ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചെന്ന ഗവര്‍ണറുടെ ആരോപണം കേരളം തമാശയായിട്ടേ കണ്ടിട്ടുള്ളൂവെന്നും രാജേഷ് പറഞ്ഞു.
ഗവര്‍ണര്‍ പദവിയുടെ മാന്യത കൈവിട്ട് ആര്‍എസ്എസ് രാഷ്ട്രീയം പയറ്റുകയാണെന്ന് റവന്യു മന്ത്രി കെ രാജന്‍. പദവിയില്‍ ഇരുന്ന് മാന്യതയ്ക്കു നിരക്കാത്തതു പറയരുതെന്നും രാജന്‍.
സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുന്നു. റണ്ണിംഗ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡുകളില്‍ തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഈ മാസം 30 ന് പരിശോധനകള്‍ പൂര്‍ത്തിയാക്കും. നാല് ഐഎഎസ് ഓഫീസര്‍മാരും എട്ടു ചീഫ് എന്‍ജിനിയര്‍മാരും അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്.
സംരംഭങ്ങള്‍ തുടങ്ങാന്‍ കേരളം അനുയോജ്യമായ പ്രദേശമല്ലെന്നു ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം. അതിന്റെ പേരില്‍ നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടത്തുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ തൊഴില്‍ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.