വ്യായാമം ചെയ്യേണ്ട സമയത്തെ കുറിച്ച് ഇപ്പോഴും പലര്‍ക്കും ആശയക്കുഴപ്പമാണ്. എന്നാല്‍ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷണ സംഘം. വ്യായാമം ചെയ്യാന്‍ ഏറ്റവും ഉത്തമം വൈകുന്നേരമാണെന്നാണ് ഗവേഷകര്‍ ഡയബറ്റിസ് കെയര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 30,000 ആളുകളുടെ ഏഴുവര്‍ഷത്തെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തില്‍ വൈകുന്നേരം ആറു മണി മുതല്‍ രാത്രി വരെയുള്ള സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരില്‍ അകാലമരണത്തിനും ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറവാണെന്നും പറയുന്നു. ഓസ്‌ട്രേലിയയില്‍ മൂന്നില്‍ രണ്ടു പേര്‍ വീതം അമിതവണ്ണം കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം, അകാലമരണം തുടങ്ങിയവയിലേക്ക് നയിക്കുന്ന പ്രധാനഘടകമാണ്. അമിതവണ്ണം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം വ്യായാമം തന്നെയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങളേക്കുറിച്ച് മുന്‍പും പല പഠനങ്ങളും നടന്നിട്ടുണ്ട്. പേശികള്‍ നല്ല ഊര്‍ജസ്വലതയോടെയും ഉണര്‍വോടെയും നില്‍ക്കുന്ന വൈകുന്നേരങ്ങളാണ് വ്യായാമത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നാണ് അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് എക്‌സര്‍സൈസ് പറയുന്നത്. ദിവസം മുഴുവനും പലവിധത്തിലുള്ള സമ്മര്‍ദങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരും മിക്കവരും. വൈകുന്നേരങ്ങളില്‍ വ്യായാമം ശീലമാക്കുന്നത് ഇത്തരം സമ്മര്‍ദങ്ങളെ മറികടന്ന് സുഖകരമായ ഉറക്കത്തിന് സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തിരക്കുകളെല്ലാം കഴിഞ്ഞിരിക്കുന്ന വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യാനുള്ള സമയം കൂടുതലായിരിക്കും. വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്. രാത്രി ഉറങ്ങുന്നതിന് 4-5 മണിക്കൂര്‍ മുന്‍പ് തന്നെ വ്യായാമം പൂര്‍ത്തിയാക്കാം. വ്യായാമത്തിന് മുന്‍പായി ഒരു പ്രീ വര്‍ക്ക്ഔട്ട് മീല്‍ കഴിക്കാം. സ്‌ട്രെങ്ത് ട്രെയ്‌നിങ്, ബോഡിവെയ്റ്റ് എക്‌സര്‍സൈസുകള്‍, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വര്‍ക്ക്ഔട്ടുകള്‍ ചെയ്യുക. വര്‍ക്ക്ഔട്ടിനൊപ്പം ആരോഗ്യകരമായ ഡയറ്റും പാലിക്കണം.