പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സമരക്കാർക്ക് നേരെയുള്ള പോലീസ് നടപടിയെ ചൊല്ലിയായിരുന്നു നിയമസഭയിൽ ബഹളം. ഇന്ധന സെസിനെയും പോലീസ് നടപടികളെയും ന്യായീകരിച്ച് മുഖ്യമന്ത്രിയും, മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് പിണറായി സർക്കാരെന്ന് ഷാഫി പറമ്പിലും പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ യുവ എംഎൽഎമാർ ഇന്ന് സഭയിലെത്തിയത് കറുത്ത ഷർട്ട് ധരിച്ചാണ് . ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയത്. എന്നാൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനാലും സഭാ ടിവി പ്രതിഷേധം സംപ്രേക്ഷണം ചെയ്യാതിരുന്നതിനാലും ഇതൊന്നും പൊതുജനങ്ങൾക്ക് കാണാനാവില്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ മാധ്യമക്യാമറകൾക്ക് ഇന്നും വിലക്ക് തുടർന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവി കാണിച്ചതുമില്ല. ചോദ്യോത്തരവേളയിലടക്കം ഇന്ന് പ്രതിപക്ഷം പ്ലക്കാഡുയർത്തി പ്രതിഷേധിച്ചിരുന്നു.