പിഎസ്‍സി പരീക്ഷ ആള്‍മാറാട്ട കേസിലെ പ്രതികൾ കീഴടങ്ങി. അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. നേമം സ്വദേശികളായ അമൽജിത്തിനെയും അഖിൽജിത്തിനെയും കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി സഹോദരൻ ആള്‍മാറാട്ടം നടത്തിയതെന്നാണ് സംശയിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു. കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടക്കുന്നതിനിടെ ബയോമെട്രിക് മെഷീനുമായി വിജിലൻസ് വിഭാഗം പരിശോധനയ്ക്ക് എത്തിയ സമയത്ത് ഒരു വിദ്യാർത്ഥി പരീക്ഷ ഹാളിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മതിൽ ചാടിപ്പോയ ആളെ പുറത്ത് ബൈക്കിൽ കാത്തുനിന്നിരുന്ന മറ്റൊരാൾ രക്ഷപ്പെടുത്തുകയായിരുന്നു. അമൽ ജിത്തിനു വേണ്ടി മറ്റാരോ പരീക്ഷയെഴുതി എന്നായിരുന്നു പോലീസിന്റെ സംശയം. അമൽജിത്തിന്റെ വീട്ടിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സഹോദരൻ അഖിൽജിത്തിനെയും കാണാനില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.