മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു. ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ നിന്ന് ശരണം വിളികളുടെ അങ്കമ്പടിയോടെ ഇന്ന് രാവിലെ ഏഴിന് പുറപ്പെട്ട ഘോഷയാത്ര 26ന് ശബരിമലയിൽ എത്തും. പുറപ്പെടുന്നതിന് മുമ്പ് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമൊരുക്കിയിരുന്നു. നിരവധി ഭക്തരാണ് നാടിന്റെ നാനാഭാഗത്ത് നിന്നും തങ്ക അങ്കി ദര്‍ശനത്തിനായി എത്തിയത്.
തങ്ക അങ്കി ഘോഷയാത്രയുടെ ഭക്തി നിർഭരമായ യാത്രയയപ്പിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, തിരുവാഭരണം കമ്മീഷണര്‍ ജി.ബൈജു, അയ്യപ്പ സേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി.വിജയകുമാർ എന്നിവര്‍ എത്തിയിരുന്നു. പത്തനംതിട്ട എആര്‍. ക്യാംമ്പ് അസി. കമാന്‍ഡന്റ് എം.സി.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 60 അംഗ സായുധസംഘവും, ആറന്മുള ദേവസ്വം കമ്മിഷണർ കെ. സൈനുരാജ്, ജി. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥ സംഘവും നിരവധി ഭക്തജനങ്ങളും ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്.