ടെസ്ല ഇന്ത്യയിലെത്തുക മോഡല്‍ വൈയുമായി. രണ്ടു മോഡലുകളുമായി എത്തുന്ന വൈയുടെ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അടിസ്ഥാന മോഡലിന്റെ ഓണ്‍റോഡ് വില 60.99 ലക്ഷം രൂപയും ലോങ് റേഞ്ച് മോഡലിന് 69.07 ലക്ഷം രൂപയുമാണ്. തുടക്കത്തില്‍ ഡല്‍ഹി, ഗുരുഗ്രാം, മുംബൈ എന്നീ സ്ഥലങ്ങളിലായിരിക്കും കാര്‍ ലഭിക്കുക. സ്റ്റെല്‍ത്ത് ഗ്രേ, പേള്‍ വൈറ്റ്, ഡയമണ്ട് ബ്ലാക്ക്, ഗ്ലാസിയര്‍ ബ്ലൂ, ക്യൂക് സില്വ്വര്, അള്‍ട്ര റെഡ് എന്നീ നിറങ്ങളിലാണ് പുതിയ വൈ ഇന്ത്യയില്‍ ലഭിക്കുക. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്താണ് ‘മോഡല്‍ വൈ’ ഇന്ത്യയില്‍ വില്പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ റിയര്‍വീല്‍ ഡ്രൈവ്, റിയര്‍വീല്‍ ഡ്രൈവ് ലോങ് റേഞ്ച് എന്നീ മോഡലുകള്‍ മാത്രം. റിയല്‍വീല്‍ ഡ്രൈവിന് 500 കിലോമീറ്ററാണ് ഡബ്ല്യുഎല്‍ടിപി റേഞ്ച്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. സൂപ്പര്‍ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 15 മിനിറ്റില്‍ 238 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ലഭിക്കും. ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവ് മോഡലിന്റെ ഡബ്ല്യുഎല്‍ടിപി റേഞ്ച് 622 കിലോമീറ്ററാണ്. 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 5.6 സെക്കന്‍ഡ് മാത്രം മതി ഈ മോഡലിന്. 15 മിനിറ്റില്‍ 267 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ലഭിക്കും.
മോഡല്‍ വൈയുമായി ടെസ്ല ഇന്ത്യന്‍ നിരത്തുകളില്‍
