പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ കെഎസ്ആർടിസി ചൂണ്ടിക്കാണിച്ചിരുന്നു. സാമൂഹിക വിഷയങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു.