Untitled design 20250217 174755 0000

 

ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ……!!!!

ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്‌ധ ശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ adheഹം വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ജി.എച്ച്. ഹാർഡിയുടെ അഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യൂട്ടൺ, ആർക്കിമിഡീസ് തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം.

 

രാമാനുജന്റെ 125-ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര കുടുംബത്തിൽ 1887 ഡിസംബർ 22-ന്‌ ശ്രീനിവാസ രാമാനുജൻ ജനിച്ചു. അച്ഛൻ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാർ തുണിക്കടയിൽ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാൾ. രാമാനുജനു താഴെ അഞ്ചു മക്കൾകൂടിയുണ്ടായിരുന്നു.

 

പ്രശസ്തഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജൻ താമസിച്ചിരുന്നത് കുംഭകോണത്തിൽ സാരംഗപാണിക്ഷേത്രത്തിനടുത്ത് ആയിരുന്നു. ഇപ്പോൾ അവിടെ അദ്ദേഹം ​താമസിച്ചിരുന്ന വീട് മ്യൂസിയം ആയി സൂക്ഷിക്കുന്നു.സ്‌കൂളിൽ വെച്ചേ ഗണിതമായിരുന്നു രാമാനുജന്റെ പ്രിയവിഷയം. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രതിഭ മാത്രം കൈമുതലാക്കി ഗണിതപഠനം തുടർന്നു.

 

സ്‌കോളർഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904-ൽ കുംഭകോണം ഗവൺമെന്റ്‌ കോളേജിൽ ചേർന്നു. ഗണിതത്തിൽ മാത്രമാരുന്നു രാമാനുജന്റെ ശ്രദ്ധ. മറ്റു വിഷയങ്ങളിലെല്ലാം തോറ്റതിനാൽ സ്‌കോളർഷിപ്പ്‌ നഷ്‌ടമായി.1906-ൽ മദ്രാസ്‌ പച്ചയ്യപ്പാസ്‌ കോളേജിൽ ചേർന്നെങ്കിലും, അവിടെയും കണക്കൊഴികെ മറ്റ്‌ വിഷയങ്ങളിൽ തോൽക്കുകയും മദ്രാസ്‌ സർവകലാശാലയിൽ ചേരുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം പൊലിഞ്ഞു.

 

1909 ജുലൈ‌ 14-നായിരുന്നു രാമാനുജന്റെ വിവാഹം. ഭാര്യ ജാനകിക്ക്‌ അന്ന്‌ പത്തു വയസ്സായിരുന്നു. വിവാഹത്തോടെ ജോലി കിട്ടാതെ നിവൃത്തിയില്ല എന്ന സ്ഥിതി വന്നു. ഗണിതശാസ്‌ത്രത്തിലെ 6000 സങ്കീർണ്ണപ്രശ്‌നങ്ങൾ അടങ്ങിയ, ജി.എസ്‌. കാർ രചിച്ച, സിനോപ്‌സിസ്‌ ഓഫ്‌ എലിമെന്ററി റിസൾട്ട്‌സ്‌ ഇൻ പ്യുവർ മാത്തമാറ്റിക്‌സ്‌ എന്ന ഗ്രന്ഥം സ്‌കൂൾ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു. സങ്കീർണ്ണമായിരുന്ന ഈ പ്രശ്‌നങ്ങൾ, ഗണിതശാസ്‌ത്രമേഖലയിലെ പുതിയ പ്രവണതകളോ മുന്നേറ്റങ്ങളോ ഒന്നും അറിയാതെ രാമാനുജൻ ഒന്നൊന്നായി പരിഹരിച്ചു പോന്നു. അത്ര ഉത്‌കൃഷ്‌ടമൊന്നുമല്ലാതിരുന്ന കാറിന്റെ പുസ്‌തകം പ്രശസ്‌തമായതു തന്നെ രാമാനുജനിലൂടെയാണ്‌.

 

1912 ജനുവരി 12-ന്‌ രാമാനുജന്‌ മദ്രാസ്‌ അക്കൗണ്ട്‌സ്‌ ജനറൽ ഓഫീസിൽ ഗുമസ്തനായി ജോലി കിട്ടി. ആ മാർച്ച്‌ ഒന്നു മുതൽ പോർട്ട്‌ ട്രസ്റ്റ്‌ ഓഫീസിലായി ജോലി. പോർട്ട്‌ ട്രസ്റ്റ്‌ ചെയർമാൻ സർ ഫ്രാൻസിസ്‌ സ്‌പ്രിങും ഇന്ത്യൻ കാലാവസ്ഥാ വകുപ്പു മേധാവി ഡോ. ഗിൽബർട്ട്‌ വാക്കറും ഉന്നതപഠനത്തിന്‌ രാമാനുജന്‌ സഹായവുമായെത്തി. അവരുടെ പ്രേരണയാൽ, പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായിരുന്ന കേംബ്രിഡ്‌ജിലെ ജി.എച്ച് ഹാർഡിക്ക് രാമാനുജനയച്ച കത്ത്‌, അദ്ദേഹത്തിന്റെ ജീവതത്തിൽ വഴിത്തിരിവായി. ലണ്ടനിലേക്ക്‌ രാമാനുജനെ ഹാർഡി ക്ഷണിച്ചു.1914 ഏപ്രിൽ 14-ന്‌ രാമാനുജൻ ലണ്ടനിലെത്തി. ഹാർഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയും സുഹൃത്തുമെല്ലാം.

 

പ്രതികൂലകാലാവസ്ഥ മൂലം ആരോഗ്യം മോശമായതിനാൽ 1919 ഫെബ്രുവരി 27-ന്‌ രാമാനുജൻ ഇന്ത്യയിലേക്കു മടങ്ങി. ക്ഷയരോഗമായിരുന്നു ബാധിച്ചിരുന്നത്‌ . 1920 ഏപ്രിൽ 26-ന്‌ അദ്ദേഹം അന്തരിച്ചു.മരണത്തോട്‌ മല്ലിടുമ്പോഴും പുതിയ ഗണിതരഹസ്യങ്ങൾ രാമാനുജൻ തേടിക്കൊണ്ടിരുന്നു. മരണശയ്യയിൽ കിടന്നു വികസിപ്പിച്ച പ്രമേയങ്ങൾ അദ്ദേഹം ഹാർഡിക്ക്‌ അയച്ചുകൊടുത്തു. രാമാനജന്റെ നോട്ടുബുക്കിലെ സിദ്ധാന്തങ്ങൾ പലതും മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ സൂചനകൾ വെച്ച്‌ പല ശാസ്‌ത്രജ്‌ഞരും പുതിയ തിയറങ്ങൾ വികസിപ്പിച്ചു.

 

രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകൾ വികസിപ്പിച്ച ബ്രൂസ്‌ സി.ബെർട്‌, ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ അവ 12 വാല്യങ്ങളായാണ്‌ പ്രസിദ്ധീകരിച്ചത്‌. ചെന്നൈയിലെ റോയപുരത്ത്‌ ഇപ്പോൾ രാമാനുജൻ മ്യൂസിയം പ്രവർത്തിക്കുന്നു. 1993-ലാണ്‌ അത്‌ സ്ഥാപിക്കപ്പെട്ടത്‌. ഗണിത ശാസ്ത്രത്തിൽ ഗുണനങ്ങളേക്കുറിച്ചുള്ള മേഖലയിലാണ്‌ രാമനുജന്റെ സംഭാവനകളിലധികവും.

 

1991ൽ റോബർട്ട് കനിഗൽ രാമാനുജനെ കുറിച്ച് ദെ മേൻ ഹു ന്യു ഇൻഫിനിറ്റി എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ അനന്തത്തെ അറിഞ്ഞ ആൾ എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്.ദെ മേൻ ഹു ന്യു ഇൻഫിനിറ്റി എന്ന പേരിൽ ഒരു ഇംഗ്ളീഷ് സിനിമയും 2015ൽ പുറത്തിറങ്ങിയിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *