തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തേക്കാള്‍ 38.06 ശതമാനം കുതിപ്പോടെ 1,070.08 കോടി രൂപയുടെ ലാഭം. ഇത് റെക്കോഡാണ്. 2022-23ല്‍ ലാഭം 775.09 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 1.82 ലക്ഷം കോടി രൂപയെന്ന പുതിയ ഉയരത്തിലും കഴിഞ്ഞവര്ഷമെത്തി. മൊത്തം വായ്പകള്‍ 11.56 ശതമാനം ഉയര്‍ന്ന് 80,426 കോടി രൂപയും റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 9.07 ശതമാനം വര്‍ധിച്ച് 97,743 കോടി രൂപയായതും ഇതിന് സഹായകമായി. കാസ നിക്ഷേപങ്ങള്‍ 8.16 ശതമാനം മെച്ചപ്പെട്ട് 32,693 കോടി രൂപയുമായി. അതേസമയം, കാസ അനുപാതം 32.98 ശതമാനത്തില്‍ നിന്ന് 0.90 ശതമാനം താഴ്ന്ന് 32.08 ശതമാനത്തിലെത്തിയത് ക്ഷീണമാണ്. കഴിഞ്ഞവര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 334 കോടി രൂപയില്‍ നിന്ന് 14 ശതമാനം കുറഞ്ഞ് 288 കോടി രൂപയായി. കഴിഞ്ഞവര്‍ഷത്തെ മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറിലെ 305 കോടി രൂപയെ അപേക്ഷിച്ച് 6 ശതമാനം കുറവുമാണ് കഴിഞ്ഞപാദ ലാഭം. പ്രവര്‍ത്തനലാഭം 2022-23 മാര്‍ച്ചുപാദത്തിലെ 562 കോടി രൂപയില്‍ നിന്ന് 23 ശതമാനം താഴ്ന്ന് 434 കോടി രൂപയായി. മൊത്ത വരുമാനം 1,203 കോടി രൂപയില്‍ നിന്ന് ഒരു ശതമാനം ഉയര്‍ന്ന് 1,221 കോടി രൂപയായി. അറ്റ പലിശ വരുമാനം 857 കോടി രൂപയില്‍ നിന്ന് 875 കോടി രൂപയിലെത്തി; വളര്‍ച്ച രണ്ട് ശതമാനം. അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,302.06 കോടി രൂപയാണ്. ഇതും റെക്കോഡുയരമാണ്. കഴിഞ്ഞപാദത്തില്‍ മൊത്തം നിഷ്ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 3.67 ശതമാനത്തില്‍ നിന്ന് 3.38 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി 1.86 ശതമാനത്തില്‍ നിന്ന് 1.46 ശതമാനത്തിലേക്കും താഴ്ന്നത് നേട്ടമാണ്. അതേസമയം, ലാഭക്ഷമതയുടെ അളവുകോലുകളിലൊന്നായ അറ്റ പലിശ മാര്‍ജിന്‍ 3.67 ശതമാനത്തില്‍ നിന്ന് 3.38 ശതമാനത്തിലേത്ത് താഴ്ന്നു.