മെലിഞ്ഞുണങ്ങിയ ഐഫോണ്‍ 17 എയര്‍ അടക്കം പുതിയ തലമുറ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍. മിക്ക ഐഫോണുകളിലും ഇ-സിം മാത്രമായിരിക്കും ഉണ്ടാവുക. ഏറ്റവും കനം കുറഞ്ഞതും ഈടുനില്‍ക്കുന്നതുമായ മോഡലെന്ന വിശേഷണത്തോടെയാണ് ഐഫോണ്‍ 17 എയറിന്റെ വരവ്. 5.6 എം.എം കനമാണ് ഫോണിന്. മുന്നിലും പിന്നിലും ആപ്പിളിന്റെ സെറാമിക് ഷീല്‍ഡ് 2ന്റെ സുരക്ഷയുണ്ട്. 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്.ഡി.ആര് പ്രോമോഷന് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 2ഃ സൂം മോഡുള്ള 48 മെഗാപിക്സലിന്റെ ഒറ്റ ഫ്യൂഷന്‍ ക്യാമറയാണ് പിന്നിലുള്ളത്. മുന്നില്‍ 18 മെഗാപിക്സലിന്റെ സെന്റര്‍ സ്റ്റേജ് ക്യാമറയും ഒരുക്കിയിരിക്കുന്നത്. 6 കോര്‍ സി.പി.യു, 5 കോര്‍ ജി.പി.യുവുമുള്ള എ19 പ്രോ ചിപ്പാണ് ഫോണിനെ നിയന്ത്രിക്കുന്നത്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫുമുണ്ട്. സ്പേസ് ബ്ലാക്ക്, ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോള്‍ഡ്, സ്കൈ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക. 1,19,900 രൂപ മുതലാണ് ഫോണിന്റെ വില.
മെലിഞ്ഞുണങ്ങി ഐഫോണ്‍ 17 എയറെത്തി
