തുടര്‍ച്ചയായി രണ്ടാം മാസവും എസ്.ഐ.പി നിക്ഷേപം 15,000 കോടി കടന്നു. കഴിഞ്ഞ മാസം മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്.ഐ.പി) വഴി റെക്കോഡ് നിക്ഷേപമാണ് നടന്നത്. ആഗസ്റ്റില്‍ നിക്ഷേപകര്‍ 15,813 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി അസോസിയേഷന് ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ വ്യക്തമാക്കുന്നു. ജൂലായില്‍ ഇത് 15,243 കോടി രൂപയായിരുന്നു. അതേസമയം ജൂലായില്‍ 6.8 കോടി ആയിരുന്ന എസ്.ഐ.പി. അക്കൗണ്ടുകള്‍ ആഗസ്റ്റില്‍ 6.9 കോടിയായിട്ടുണ്ട്. ആഗസ്റ്റ് അവസാനത്തോടെ, എസ്.ഐ.പികള്‍ക്ക് കീഴില്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 8.47 ലക്ഷം കോടി രൂപയായി എന്നും ഓഗസ്റ്റില്‍ 35 ലക്ഷം പുതിയ എസ്.ഐ.പികള്‍ ആരംഭിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞമാസം വരുമാനം അല്ലെങ്കില്‍ കടം അടിസ്ഥാനമാക്കിയുള്ള സ്കീമുകളില്‍ നിന്ന് 25,872 കോടി രൂപ പുറത്തേക്ക് ഒഴുക്കി. ഇക്വിറ്റി, ഹൈബ്രിഡ് സ്കീമുകളുടെ മൊത്തത്തിലുള്ള എ.യു.എം ആഗസ്റ്റ് അവസാനത്തിലെ കണക്ക് അനുസരിച്ച്, 12.30 കോടി പോര്‍ട്ട്ഫോളിയോകളില്‍ 24.38 ലക്ഷം കോടി രൂപയാണ്. ആഗസ്റ്റില്‍ 19.58 ലക്ഷം എസ്ഐപികള്‍ നിര്‍ത്തലാക്കുകയോ കാലാവധി കഴിയുകയോ ചെയ്തു, ജൂലായില്‍ ഇത് 17 ലക്ഷത്തിലേറെയായിരുന്നു. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്തം എ.യു.എം ജൂലായിലെ 46.37 ലക്ഷം കോടിയില്‍ നിന്ന് ആഗസ്റ്റില്‍ 46.93 ലക്ഷം കോടിയായി വളര്‍ന്നു.
15,000 കോടി കടന്ന് എസ്.ഐ.പി നിക്ഷേപം
