വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്ന ‘സിഗ്മ’ എന്ന സിനിമയുടെ ടീസര്‍ എത്തി. സന്ദീഷ് കിഷനാണ് നായകനായെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ. സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. തന്റെ 24-ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം. മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഗണത്തില്‍പെടുന്ന ആക്ഷന്‍ ത്രില്ലറാകും ചിത്രം. കൃഷ്ണന്‍ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമന്‍ എസ്, എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍. വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു. ജേസണിനെ നായകനാക്കി മുന്‍പ് പലരും സിനിമകള്‍ ആലോചിച്ചിരുന്നു. ഇതില്‍ അല്‍ഫോന്‍സ് പുത്രനും ഉണ്ട്.
