പ്രയാഗരാജിലെ മഹാകുംഭമേളയിലെ അപകടത്തിൽപ്പെട്ട് മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ധനസഹായം പ്രഖ്യാപിച്ചു. മരിച്ച നാല് പേരുടെ വീട്ടുകാർക്ക് എത്രയും വേഗം സഹായം ഉറപ്പാക്കുമെന്നും സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8 പേരുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കാണ് ജീവൻ നഷ്ടമായത്. ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.