നേതൃത്വം മുന്നറിയിപ്പ് നൽകിയതോടെ കേരളത്തിലേക്കുള്ള ചുവടുമാറ്റമെന്ന നിലപാടിൽ നിന്നും ശശി തരൂർ പിന്നോട്ട് പോയി. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ വിമർശിച്ചതോടെയാണ് ഈ നിലപാട് മാറ്റം. പറയാനുള്ളത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് കെസി വേണുഗോപാൽ ഓർമ്മിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തയ്ച്ച് വെച്ച കോട്ട് മാറ്റിവെച്ചേക്കണമെന്ന് രമേശ് ചെന്നിത്തലയും തുറന്നടിച്ചു.
പാർട്ടിയെ വെട്ടിലാക്കിയ പ്രസ്താവനകൾ നടത്തിയ തരൂരിനെ ആദ്യം ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞു. പിന്നാലെ കെപിസിസിയുടെ മുന്നറിയിപ്പുമെത്തി. സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനത്തെതിരെ ഒറ്റക്കെട്ടായി നേതാക്കൾ രംഗത്തെത്തിയതോടെയാണ് മാധ്യമങ്ങളെ പഴിച്ചുള്ള തരൂരിന്റെ നിലപാട് മാറ്റം.