250 രൂപയുടെ ചെറു എസ്ഐപി പദ്ധതി ആരംഭിക്കാന്‍ പ്ലാനുമായി സെബി. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മ്യൂച്ചല്‍ ഫണ്ട് കമ്പനികളും മ്യൂച്ചല്‍ ഫണ്ടുകള്‍ക്കായി അടിസ്ഥാന സേവനങ്ങള്‍ നല്കുന്ന ഇന്റര്മീഡിയറികളും സഹകരിച്ച് ചെലവുകള്‍ കുറച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ചെലവിന്റെ ഒരു ഭാഗം സെബി സബ്സിഡിയായി നല്കി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ എസ്ഐപിയില്‍ ചേരാനുള്ള കുറഞ്ഞ തുക 500 രൂപ ആണ്. ചില ഫണ്ട് കമ്പനികള്‍ തുടക്കക്കാരെ ആകര്‍ഷിക്കാനായി 250 രൂപയുടെ പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ട്. മാസംതോറുമുള്ള അടവ് 250 രൂപയായതിനാല്‍ പ്രോസസിങ് ചെലവ് ഉയര്‍ന്നതായിരിക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി ലാഭകരമാകില്ലെന്നും മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇന്റര്മീഡിയറികള്ക്കുള്ള നിരക്കുകളില്‍ ഇളവ് ആവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഇളവും നിക്ഷേപക ബോധവത്കരണ ഫണ്ടില്‍ നിന്ന് സൈബിയുടെ സഹായവും ഉണ്ടായാല്‍ രണ്ടു വര്‍ഷം കൊണ്ട് മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ക്ക് ഈ പദ്ധതി ലാഭകരമാകുമെന്നാണ് കരുതുന്നത്. മൂന്ന് ഫണ്ടുകള്‍ക്ക് കീഴിലായി പരമാവധി മൂന്ന് ചെറു എസ്ഐപി സ്കീമിലാണ് ഇളവുകളോടെ ചേരാന്‍ കഴിയുക എന്നും സെബിയുടെ കരടുപദ്ധതിയില്‍ പറയുന്നു. കരടുപദ്ധതി സംബന്ധിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ഫെബ്രുവരി ആറുവരെ സമയം അനുവദിച്ചിട്ടുണ്ട്.
250 രൂപയുടെ ചെറു എസ്ഐപി പദ്ധതിയുമായി സെബി
