ഇന്ത്യന്‍ എണ്ണവിതരണ കമ്പനികള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിലയില്‍ ഡിസ്കൗണ്ട് വീണ്ടും കൂട്ടി റഷ്യ. സെപ്റ്റംബറിലെ ക്രൂഡ് ഓയില്‍ വില്‍പ്പനയിലെ കിഴിവ് റഷ്യ 25-50% ആണ് വര്‍ധിപ്പിച്ചത്. ഈ മാസം ബാരലിന് 5-6 ഡോളര്‍ കിഴിവാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യക്കുള്ള ഡിസ്കൗണ്ട് നിരക്ക് അടുത്തിടെ റഷ്യ ബാരലിന് 3-4 ഡോളറായി വെട്ടിക്കുറച്ചിരുന്നു. സെപ്തംബര്‍ അവസാനത്തേക്കും ഒക്ടോബറിലേക്കുമുള്ള എണ്ണ ഇറക്കുമതിക്കായി നടന്ന ചര്‍ച്ചകളില്‍ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ ഇന്ത്യന്‍ കമ്പനികള്‍ എതിര്‍ത്തിരുന്നു. ഇതും വ്യാപാരികളെ കിഴിവ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായ റോസ്നെഫ്റ്റ് ഈ വര്‍ഷം റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിതരണത്തിന്റെ 42 ശതമാനവും സംഭാവന ചെയ്തു. അടുത്തിടെ സൗദി അറേബ്യയും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക സൗദി 3.5 ഡോളറായാണ് കുറച്ചത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദി ഇത് വെട്ടികുറച്ചത്. അതേസമയം ബ്രെന്റ് ക്രൂഡ് വില ബാരലിന് നിലവിലെ 93 ഡോളറില്‍ നിന്ന് 2026 ഓടെ ബാരലിന് 150 ഡോളറായി ഉയരുമെന്ന് ജെ.പി മോര്ഗന് മുന്നറിയിപ്പ് നല്കി. എന്നാല്‍ റഷ്യന്‍ എണ്ണ ഡിസ്കൗണ്ടോടെ ലഭിക്കുന്നത് ഈ തിരിച്ചടിയില്‍ കരകയറാന്‍ ഇന്ത്യക്ക് ഗുണകരമാകും.
ഇന്ത്യയ്ക്കുള്ള ഡിസ്കൗണ്ട് വീണ്ടും കൂട്ടി റഷ്യ
