രാജ്യത്തെ ബാങ്കുകള്‍ക്ക് പണലഭ്യത വര്‍ധിപ്പിക്കാന്‍ നീക്കവുമായി റിസര്‍വ് ബാങ്ക്. 1.9 ലക്ഷം കോടി രൂപ കൂടി ബാങ്കിംഗ് സംവിധാനത്തിലേക്ക് ഇറക്കാനായി ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്, ഡോളര്‍-രൂപ മാറ്റിയെടുക്കല്‍ എന്നീ രണ്ട് മാര്‍ഗങ്ങളാണ് റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്. ഒ.എം.ഒ പര്‍ച്ചേസ് വഴി രണ്ട് തവണയായി ഒരു ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ബാങ്കുകളില്‍ നിന്ന് ആര്.ബി.ഐ വാങ്ങും. 50,000 രൂപ വീതമുള്ള ലേലത്തിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 12നും രണ്ടാമത്തേത് മാര്‍ച്ച് 18നും നടക്കും. ഇതൂകൂടാതെ ബാങ്കുകളില്‍ നിന്ന് ഡോളര്‍ വാങ്ങി പകരം രൂപ നല്കി ബാങ്കിംഗ് സംവിധാനത്തിലേക്ക് ഏകദേശം 90,000 കോടി രൂപയും (10 ബില്യണ്‍ ഡോളര്‍) കൊണ്ടു വരും. മാര്‍ച്ച് 24നാണ് ഡോളര്‍ രൂപ സ്വാപ് നടത്തുന്നത്. 36 മാസത്തിനു ശേഷം ഈ ഡോളര്‍ ആര്.ബി.ഐ ബാങ്കുകളില്‍ നിന്ന് തിരികെ വാങ്ങും. കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച 1.5 ലക്ഷം കോടി രൂപയ്ക്കും ഫെബ്രുവരി അവസാനം നടത്തിയ 86,000 കോടി രൂപയ്ക്കും പുറമെയാണ് 1.9 ലക്ഷം കോടി രൂപ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടു വരുന്നത്. പലിശ നിരക്ക് ഉയര്‍ന്ന് നിന്നിരുന്നത് ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത കുറച്ചിരുന്നു. മാര്‍ച്ച് മൂന്നിന് 1.1 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റി കമ്മിയുണ്ടായിരുന്നത് മാര്‍ച്ച് നാലിന് 20,416.70 കോടി രൂപയായി കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം.
പണലഭ്യത വര്‍ധിപ്പിക്കാന്‍ നീക്കവുമായി റിസര്‍വ് ബാങ്ക്
