ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ചെന്ന നാഴികകല്ല് പിന്നിട്ട് റെനോ നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റില്‍ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകളാണ് നിര്‍മ്മിച്ചത്. ഇത് ഓരോ മൂന്ന് മിനിറ്റിലും ഒരു കാറിന് തുല്യമാണ്. പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം മൊത്തത്തില്‍, റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകള്‍ പ്ലാന്റ് നിര്‍മ്മിച്ചു. ഇന്ത്യന്‍ വിപണിയിലേക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല ചെന്നൈയിലെ ഒറഗഡത്തെ നിര്‍മ്മാണ കേന്ദ്രത്തില്‍ ചെയ്യുന്നത്. ചെന്നൈയിലെ കാമരാജര്‍ തുറമുഖം വഴി ഇവിടെ നിര്‍മ്മിച്ച 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, തെക്ക്-കിഴക്കന്‍ ഏഷ്യ, സാര്‍ക്ക് രാജ്യങ്ങള്‍, സബ്-സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികള്‍ ഉള്‍പ്പെടുന്ന 108 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. ഈ വര്‍ഷം ആദ്യം, റെനോ നിസ്സാന്‍ അലയന്‍സ് ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു . രണ്ട് സമ്പൂര്‍ണ വൈദ്യുത വാഹനങ്ങള്‍ ഉള്‍പ്പെടെ ആറ് പുതിയ വാഹനങ്ങളുടെ നിര്‍മ്മാണത്തിലേക്കാണ് ഇപ്പോള്‍ ഈ സഖ്യത്തിന്റെ പദ്ധതികള്‍.
2.5 ദശലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച് റെനോ നിസാന്‍ സഖ്യം
