രക്തരക്ഷസും കള്ളനും
മിത്തുകള്‍, മുത്തുകള്‍ – 25
പഞ്ചതന്ത്രം കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ഗ്രാമത്തിലെ ദരിദ്രനാരായണനാണ് ആ ബ്രാഹ്മണന്. വഴിയോരത്തെ ചെറ്റക്കുടിലിലാണു കഴിച്ചുകൂട്ടിയിരുന്നത്. ദരിദ്രനായ തിനാല്‍ ബന്ധുക്കളും മിത്രങ്ങളും തിരിഞ്ഞുനോക്കാറില്ല. അഷ്ടിക്കു വകയില്ലാത്ത ദരിദ്രബ്രാഹ്മണന്‍ നാട്ടുകാരുടെ നാമമാത്രമായ കാരുണ്യത്തണലിലാണു ജീവിക്കുന്നത്. വിശപ്പടക്കാനുള്ള ഭക്ഷണം ആരെങ്കിലും ഔദാര്യപൂര്‍വം കൊടുത്താല്‍ കഴിക്കും; അത്രതന്നെ.
പട്ടിണിമൂലം വിറകുകമ്പുപോലെ മെലിഞ്ഞുണങ്ങിയ ശരീരം. ചെളിപുരണ്ട പൂണൂല്. മുഷിഞ്ഞു കീറിയ കാവി ത്തുണികൊണ്ടു താറുടുത്ത് അയാള്‍ നാടാകെ ഇരന്നു നടന്നു. ഒരു ദിവസം ഗ്രാമത്തിലെ ജന്മി ഭിക്ഷ യാചിച്ചു വന്ന ബ്രാഹ്മണന് രണ്ടു പശുക്കുട്ടികളെ ദാനമായി നല്കി. പിന്നെ ബ്രാഹ്മണന്റെ ഭിക്ഷാടനം പശുക്കുട്ടികളോടൊപ്പമായി. ഭിക്ഷാടനത്തിനു ബ്രാഹ്മണനോടൊപ്പം നടക്കുന്ന പശുക്കുട്ടികള്‍ക്കു വഴിയോരത്തെ പുല്ലും മറ്റും വേണ്ടുവോളം ലഭിച്ചു. യാചിച്ചു കിട്ടുന്ന ചോറില്‍നിന്ന് ഒരു പങ്കും പശുക്കുട്ടികള്‍ക്ക് അയാള്‍ കൊടുത്തു.
കുറേനാള്‍ കഴിഞ്ഞപ്പോഴേക്കും പശുക്കുട്ടികള്‍ തടിച്ചു കൊഴുത്തു. കണ്ടാല്‍ ആരും മോഹിച്ചുപോകും.
ഒരു ദിവസം പുലര്‍ച്ചെ മോഷണത്തിനുശേഷം ബ്രാഹ്മണകുടിലിനു മുന്നിലെ റോഡിലൂടെ പോവുകയായിരുന്ന മോഷ്ടാവ് കൊഴുത്തുരുണ്ട ഈ പശുക്കുട്ടികളെ കണ്ടു. നല്ല പശുക്കുട്ടികള്‍. ഇന്നുരാത്രി ഇവയെതന്നെ മോഷ്ടിക്കാം.’ അയാള്‍ മനസില്‍ കരുതി.
അന്നു രാത്രി പാതിരാത്രിയോടടുത്തപ്പോള്‍ ബ്രാഹ്മണകുടിലിനരികിലേക്കു കള്ളന് നടന്നു. വിജനമായ വഴിയിലെ കുരിരുട്ടില്‍ ഒരു ഭീകരരൂപം. കള്ളന് ആദ്യമൊന്നു ഞടുങ്ങി. പിന്നെ അതിനെ സൂക്ഷിച്ചുനോക്കി.
ആ രൂപം കള്ളനുനേരെ അട്ടഹസിച്ചു. അതിന്റെ വായില്‍ നീണ്ടു വളഞ്ഞ് കൂര്‍ത്ത പല്ലുകള്‍. തീക്കനല്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍. എല്ലാം കണ്ട് ഭയന്നുവിറച്ച കള്ളനോട് ആ ഭീകരസത്വം ചോദിച്ചു: ‘നീയാരാണ് ? എന്തിനിവിടെ വന്നു’
‘ഞാനൊരു പാവം കള്ളനാണ്. രണ്ടു പശുക്കളെ മോഷ്ടിക്കാനിറങ്ങിയതാണു ഞാന്‍. ‘ഒരു നിമിഷം മൗനം ദീക്ഷിച്ചശേഷം കള്ളന് തുടര്‍ന്നു- ‘അങ്ങ് ആരാണ്?’
‘ഞാനൊരു രക്തരക്ഷസാണ്. ആഴ്ചയില്‍ ഒരിക്കലേ എനിക്കു ഭക്ഷണം വേണ്ടൂ. ഭക്ഷണം തേടിയിറങ്ങിയതാണു ഞാന്‍’. രക്ഷസ് പറഞ്ഞു.
‘എന്തുഭക്ഷണമാണ് അങ്ങു കഴിക്കുക?’- ഭയാശങ്കകളോടെ കള്ളന്റെ ചോദ്യം.
‘മനുഷ്യരക്തവും മനുഷ്യമാംസവും. ഹാ… ഹാ… ഹാ… ഹാ… എന്താ, ഇന്നു നിന്നെത്തന്നെയാകാം.’ രക്ഷസ് കള്ളനെ പിടിക്കാന്‍ മുന്നോട്ടാഞ്ഞു. മരണം മുന്നിലെത്തിയെന്നു കള്ളനു തോന്നി. എങ്കിലും ഒരടവു പയറ്റി നോക്കാം.
‘അങ്ങയുടെ കഷ്ടകാലം. രോഗബാധിതമായി ദുഷിച്ച എന്റെ രക്തവും മാംസവും അങ്ങേക്കു കഴിക്കേണ്ടിവരുന്നതു മഹാകഷ്ടം തന്നെ. അതും തൊട്ടപ്പുറത്ത് നല്ലൊരു ബ്രാഹ്മണന്റെ ശുദ്ധരക്തവും മാംസവും ഉള്ളപ്പോള്‍’. പുലമ്പല്കേട്ട രക്ഷസിന് അതു ശരിയാണെന്നു തോന്നി. കള്ളന്റെ ദുഷിച്ച രക്തത്തേക്കാള്‍ നല്ലതു ബ്രാഹ്മ ണന്റെ ശുദ്ധരക്തം തന്നെ.
‘എവിടെ ആ ബ്രാഹ്മണന്?’ രക്ഷസ് ചോദിച്ചു.
‘ഞാന്‍ കാണിച്ചുതരാം. അയാളുടെ പശുക്കുട്ടികളെ മോഷ്ടിക്കാനാണു ഞാന്‍ പോകുന്നത്. ദാ… എന്റെ കൂടെവാ’ കള്ളനും രക്ഷസും മുന്നോട്ടുനടന്നു.
ബ്രാഹ്മണന്റെ കുടിലിനു മുന്നിലെത്തിയപ്പോള്‍ രക്തരക്ഷസ് തിടുക്കത്തില്‍ അകത്തേക്കു കയറാന്‍ തുനിഞ്ഞു. പക്ഷേ, കള്ളന് ഉടക്കി.
”ആദ്യം ഞാന്‍ പശുക്കുട്ടികളെ മോഷ്ടിച്ച് സ്ഥലംവിടട്ടെ. എന്നിട്ടുമതി രക്തം കുടിക്കല്‍.’ കള്ളന് പറഞ്ഞതു രക്ഷസിനു പിടിച്ചില്ല. ‘പശുക്കുട്ടികളെ കടത്തിക്കൊണ്ടുപോകുമ്പോള്‍ അവ അമറുകയോ കരയുകയോ ചെയ്താല്‍ ബ്രാഹ്മണന് ഉണരും. അയാള്‍ ഉണര്‍ന്നാല്‍ എന്റെ കാര്യം വിഷമത്തിലാകും. അതുകൊണ്ട് ആദ്യം ഞാന്‍ തന്നെ.
രക്ഷസ് പറഞ്ഞുതീരും മുമ്പേ കള്ളന് ഇടയ്ക്കുകയറി. ‘അതുപറ്റില്ല. ആദ്യം ഞാന്‍… കളളന്റെ തിടുക്കംകണ്ട് രക്ഷസിനു കലികയറി. രക്ഷസ് ചൂടായി. കള്ളനും വിട്ടില്ല. ബ്രാഹ്മണന്റെ കുടിലിനു മുന്നില്‍നിന്ന് ഇരുവരും തര്‍ക്കിച്ചു. ഉച്ചത്തില്‍ത്തന്നെ.
പുറത്തെ ബഹളംകേട്ട് ബ്രാഹ്മണന് ഉണര്‍ന്നു. സംസാരം ശ്രദ്ധിച്ചപ്പോള്‍ തന്റെ രക്തം കുടിക്കാന്‍ വന്ന രക്തരക്ഷസും പശുക്കുട്ടികളെ മോഷ്ടിക്കാന്‍ വന്ന കള്ളനുമാണതെന്ന് ബ്രാഹ്മണനു മനസിലായി.
ഉടനെ അയാള്‍ പൂജാമന്ത്രങ്ങള്‍ ജപിച്ച് രക്തരക്ഷസിനെ ഓടിച്ചു. രക്ഷസ് അപ്രത്യക്ഷമായപ്പോള്‍ കള്ളന് സന്തോഷിച്ചു. ഇനി പശുക്കുട്ടികളെ മോഷ്ടിക്കാന്‍ ആരും തടസമുണ്ടാക്കില്ലെന്ന് അയാള്‍ക്കുതോന്നി. പശുക്കുട്ടികളെ കയറിട്ടു കെട്ടി പിടിക്കാനൊരുങ്ങുന്നതിനിടയില് ഒര്‍ക്കാപ്പുറത്ത് തലയില്‍ ഒറ്റയടി. കള്ളനു തലകറങ്ങുന്നതുപോലെ തോന്നി. ക്ലേശിച്ച് നിവര്‍ന്നു നിന്നപ്പോഴേക്കും വിണ്ടും കിട്ടി അടുത്ത പുശ്. വേദനമൂലം കണ്ണിലൂടെ തേനീച്ച പറക്കുന്നതുപോലെ തോന്നി.
കണ്ണുതുറന്നു നോക്കിയപ്പോള്‍ അതാ തൊട്ടുമുന്നില്‍ ഇരുമ്പുവടിയുമായി ബ്രാഹ്മണന്. അടുത്ത തല്ലുകിട്ടും മുമ്പേ കള്ളന് ജീവനുംകൊണ്ടോടി.