ദിവസവും തുടര്‍ച്ചയായി 10 മണിക്കൂറോളം ഇരിക്കുന്നത് തലച്ചോറിനെയും ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ദീര്‍ഘനേരം ഉള്ള ഇരിപ്പ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് ബൗദ്ധിക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. ഇത് പ്രായമായവരില്‍ മറവിരോഗം വരാനുള്ള സാധ്യത കൂട്ടും. മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നത് ഏകാഗ്രത നഷ്ടപ്പെടുത്തുന്നതിനാല്‍ ഒന്നിലും ശ്രദ്ധിക്കാന്‍ സാധിക്കാതെ വരും. ഇത് ഉല്പാദനക്ഷമതയും സര്‍ഗാത്മകതയും കുറയ്ക്കുകയും മാനസിക ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. വിഷാദം, ഉത്കണ്ഠ മുതലായ മൂഡ് ഡിസോര്‍ഡറുകള്‍ക്ക് ചടഞ്ഞുകൂടിയുള്ള ഇരിപ്പ് കാരണമാകും. ദീര്‍ഘനേരം ഇരിക്കുന്നത് സ്ട്രെസ്സ് കൂട്ടുകയും അത് തലച്ചോറിന്റെ ആരോഗ്യത്തെയും സൗഖ്യത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. വിവരങ്ങളെ തരംതിരിച്ചു വിശകലനം ചെയ്യാന്‍ തലച്ചോറിന് കാലതാമസം വരും. ദീര്‍ഘനേരമുള്ള ഇരിപ്പ് പക്ഷാഘാതത്തിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും സാധ്യത കൂട്ടും. ദീര്‍ഘനേരം ഇരിക്കുന്നത് കഴുത്തിനും നടുവിനും വേദനയുണ്ടാക്കും. ഇതു മൂലം ബൗദ്ധിക പ്രവര്‍ത്തനങ്ങളിലടക്കം തടസ്സം ഉണ്ടാകും. ഇത് മൊത്തത്തിലുള്ള അസ്വസ്ഥതയ്ക്കു കാരണമാകും. ദീര്‍ഘനേരം ഇരിക്കുന്നതു മൂലമുള്ള ദോഷങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. കൃത്യമായ സമയങ്ങളില്‍ ഇടവേള എടുക്കുക. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായും ശരിയായി ഇരിക്കാനും ബ്രേക്ക് എടുക്കുക. പതിവായി വ്യായാമം ചെയ്യുന്നതും സമീകൃത ഭക്ഷണം കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പകല്‍ ചെറുനടത്തമാകാം. ഇത് തലച്ചോറിന്റെയും ശരീരത്തിന്റെ മൊത്തത്തിലുള്ളതുമായ ആരോഗ്യം മെച്ചപ്പെടുത്തും.
ദീര്‍ഘമായ ഇരിപ്പ് തലച്ചോറിനെയും ദോഷകരമായി ബാധിക്കും
