സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഇന്ത്യന്‍ എഡ്യൂടെക് സ്ഥാപനമായ ബൈജൂസിലെ ഓഹരിനിക്ഷേപം എഴുതിത്തള്ളി ഡച്ച് നിക്ഷേപ സ്ഥാപനമായ പ്രോസസ്. ബൈജൂസിലെ 9.6 ശതമാനം ഓഹരികളാണ് കമ്പനി എഴുതിത്തള്ളിയത്. ഇതോടെ കമ്പനിക്ക് 49.3 കോടി ഡോളറിന്റെ (ഏകദേശം 4110 കോടി രൂപ) നഷ്ടമുണ്ടായതായും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈജൂസിന്റെ സാമ്പത്തികാവസ്ഥ, ബാധ്യതകള്‍, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2019 മുതല്‍ വിവിധ ഘട്ടങ്ങളിലായി 536 മില്യന്‍ ഡോളര്‍ ( ഏകദേശം 4472 കോടി രൂപ) നിക്ഷേപമാണ് പ്രോസസ് നടത്തിയത്. ബൈജൂസിനെതിരെ നിയമനടപടിക്കായി കോടതിയെ സമീപിച്ച നാല് കമ്പനികളില്‍ ഒന്നാണ് പ്രോസസ്. ബൈജൂസിന് പുറമെ സ്വിഗി, പേ യു, ഫാംഈസി തുടങ്ങിയ കമ്പനികളിലും പ്രോസസിന് നിക്ഷേപമുണ്ട്. അതേസമയം, എഡ്യൂടെക് തങ്ങളുടെ ഇഷ്ട നിക്ഷേപ മേഖലയാണെന്നും എന്നാല്‍ പ്രതീക്ഷിച്ച പ്രകടമുണ്ടാക്കാനായില്ലെന്നും പ്രോസസ് പറയുന്നു. എഡ്യൂടെക് കമ്പനികളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഏറെ സമയം ചെലവിട്ടു. നിക്ഷേപമുള്ള സ്റ്റാക്ക് ഓവര്‍ഫ്ളോ, സ്കില്‍സോഫ്റ്റ്, ബൈജൂസ് എന്നീ മൂന്ന് കമ്പനികളും വേണ്ടത്ര നേട്ടമുണ്ടാക്കിയില്ല. ഇതില്‍ ബൈജൂസിന്റെ മൂല്യമാണ് പൂജ്യമാക്കിയത്. ഇതിലൂടെ കമ്പനിയുടെയും മറ്റ് നിക്ഷേപകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്തതെന്നും പ്രോസസ് പറയുന്നു.
ബൈജൂസിലെ ഓഹരിനിക്ഷേപം എഴുതിത്തള്ളി പ്രോസസ്
