ഏറെ വിവാദങ്ങൾക്കും നിരന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവരാനിരിക്കെ ഹൈക്കോടതിയിൽ ഹര്‍ജി. ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പറയിലാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് മേലുള്ള നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് തന്നെ പരിഗണിക്കും. വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണർ സർക്കാരിന് നൽകിയ നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
