ഇന്ത്യയില്‍ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം. തണുപ്പുള്ള മാസങ്ങളില്‍ സന്ധികളില്‍ അതികഠിനമായ വേദനയായിരിക്കും രോഗികളില്‍ അനുഭവപ്പെടുന്നത്. സന്ധികളില്‍ വീക്കവും നീരും ഉണ്ടാകുന്ന രോഗമാണിത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് റൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് സന്ധിവാതങ്ങള്‍. ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വീക്കം കുറയ്ക്കാനും രോഗം നിയന്ത്രിക്കാനും സഹായിക്കും. ഇത്തരത്തില്‍ സന്ധിവാതമുള്ളവര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞള്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. അതിനാല്‍ മഞ്ഞള്‍പ്പൊടി പാചകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് സന്ധിവാതം ഉള്ളവര്‍ക്ക് നല്ലതാണ്. വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘ഡയാലില്‍ ഡൈസള്‍ഫൈഡ്’ എന്ന ഘടകം സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇഞ്ചിയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആപ്പിള്‍, പപ്പായ, പൈനാപ്പിള്‍, ബ്രൊക്കോളി, കാബേജ് എന്നിവ തെരഞ്ഞെടുത്ത് കഴിക്കുന്നത് സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്. നട്സും വിത്തുകളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീര്‍ക്കെട്ടിന് ആശ്വാസം നല്‍കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത, ചിയ സീഡ്സ്, ഫ്ലക്സ് സീഡ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പാചകത്തിനു വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയില്‍ ശീലമാക്കിയാല്‍ അസ്ഥികളുടെ ആരോഗ്യത്തിനു നല്ലതാണ്. എല്ലാ ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അസ്ഥികള്‍ക്ക് ബലം നല്‍കും.
സന്ധിവാതമുള്ളവര്‍ക്ക് ഈ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം
