പ്രശസ്ത നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ആണ് ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. രവിശങ്കറിന്റെ തിരക്കഥയില്‍, രാജേഷ് മാധവന്‍ സംവിധാനം ചെയ്ത ചിത്രം, 2026 ജനുവരിയില്‍ തീയേറ്ററുകളിലെത്തും. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്. പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലന്‍ മാസ്റ്റര്‍, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്.
