‘പീക്കി ബ്ലൈന്ഡേഴ്സ്’ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്. കിലിയന് മര്ഫി നായകനാകുന്ന ‘പീക്കി ബ്ലൈന്ഡേഴ്സ്’ സിനിമയുടെ ടൈറ്റിലും റിലീസ് തിയതിയും പ്രഖ്യാപിച്ചു. ‘പീക്കി ബ്ലൈന്ഡേഴ്സ്: ദ് ഇമ്മോര്ട്ടല് മാന്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്ഷം മാര്ച്ച് ആറിന് തിയറ്റര് റിലീസ് ആയി എത്തും. തിയറ്റര് റിലീസിനുശേഷം മാര്ച്ച് 20ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ലോകമെമ്പാടും സ്ട്രീം ചെയ്യും. ടോം ഹാര്പര് സംവിധാനം ചെയ്യുന്ന ചിത്രത്തില് തോമസ് ഷെല്ബിയായി കിലിയന് തിരിച്ചെത്തുന്നു. റെബേക്ക ഫെര്ഗസന്, ടിം റോത്ത്, ബാരി കിയോഗന്, സ്റ്റീഫന് ഗ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കള്. 2013ലായിരുന്നു നെറ്റ്ഫ്ലിക്സില് പീക്കി ബ്ലൈന്ഡേഴ്സിന്റെ ആദ്യ സീസണ് പ്രത്യക്ഷപ്പെടുന്നത്. ടോം ഹാര്പ്പറായിരുന്നു സംവിധാനം. ആറ് സീസണോടുകൂടി 2022ല് സീരിസിന് സമാപനമായി. ഇന്നത്തെ തലമുറയും ഏറ്റെടുത്ത സീരിസ് പിന്നീടൊരു കള്ട് ക്ലാസിക് ആയി മാറി. തോമസ് ഷെല്ബിയുടെ സ്വാഗും ലുക്കും ഇപ്പോഴും ആരാധകര് അനുകരിക്കാറുണ്ട്. ചിത്രത്തിന്റെ സഹനിര്മാതാവ് കൂടിയാണ് കിലിയന് മര്ഫി. സ്റ്റീവ് നൈറ്റാണ് തിരക്കഥ.
‘പീക്കി ബ്ലൈന്ഡേഴ്സ്’ അടുത്ത വര്ഷം മാര്ച്ച് ആറിന്
