Untitled 1 21

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പല്ലൊട്ടി നയന്റീസ് കിഡ്‌സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. വിവിധ മേഖലകളിലായി നാല്‍പ്പതില്‍ അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന്‍ ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകന്‍ സാജിദ് യഹിയയാണ്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൌഹൃദത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് വാസന്റേതാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം.

ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ഇപ്പോഴിതാ ചിത്രത്തില്‍ വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മാസ് പരിവേഷത്തിലാണ് പോസ്റ്ററില്‍ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഇരുന്നൂറോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ശനിയാഴ്ച 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4585 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.

ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരത്തില്‍ കനത്ത ഇടിവ് തുടര്‍ക്കഥയാകുന്നു. സെപ്തംബര്‍ 9ന് സമാപിച്ച ആഴ്ചയില്‍ 223.4 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 50,087.1 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇടിവ് 794.1 കോടി ഡോളറായിരുന്നു. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 251.9 കോടി ഡോളര്‍ താഴ്ന്ന് 48,959.8 കോടി ഡോളറാണ്. കരുതല്‍ സ്വര്‍ണശേഖരം 34 കോടി ഡോളര്‍ മെച്ചപ്പെട്ട് 3,864.4 കോടി ഡോളറിലെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയ ശേഖരത്തില്‍ യൂറോ, യെന്‍, പൗണ്ട് തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവും ശേഖരത്തില്‍ പ്രതിഫലിക്കും. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ മൂന്നിന് സമാപിച്ച ആഴ്ചയില്‍ രേഖപ്പെടുത്തിയ 64,245.3 കോടി ഡോളറാണ് ഇന്ത്യ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന വിദേശ നാണയശേഖരം. തുടര്‍ന്ന് ഇതുവരെ നേരിട്ടനഷ്ടം 14,158.2 കോടി ഡോളറാണ്.

ഹംഗേറിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കീവേ ഇന്ത്യയിലെത്തിച്ച പുത്തന്‍ മോഡലാണ് കീവേ കെ300 എന്‍. ഈ നേക്കഡ് സ്‌പോര്‍ട്സ് ബൈക്കിന് മാറ്റ് വൈറ്റ്, മാറ്റ് റെഡ്, മാറ്റ് ബ്‌ളാക്ക് എന്നീ നിറഭേദ വേരിയന്റുകളാണുള്ളത്. മാറ്റ് വൈറ്റിന് 2.65 ലക്ഷം രൂപയും റെഡിന് 2.75 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ബ്‌ളാക്കിന് 2.85 ലക്ഷം രൂപ. ഇന്ത്യന്‍ നിരത്തുകളിലെ സ്‌പോര്‍ട്സ് ബൈക്കുകളിലെ കാഴ്ചയായ തനത് ഷാര്‍പ്പ് സ്റ്റൈലിഷ് ലുക്ക് കീവേ കെ300 എന്നിലും കാണാം. 292 സി.സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ എന്‍ജിനാണുള്ളത്. 27 ബി.എച്ച്.പി കരുത്തും 25 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എന്‍ജിന്‍.

ഏഴംകുളം മോഹന്‍ കുമാര്‍ രചിച്ച ‘അമ്മൂമ്മക്കിളിയും ചിരിക്കുന്ന മരവും’ എന്ന ബാലസാഹിത്യകൃതി കുഞ്ഞുമനസ്സുകളില്‍ നന്മയും സ്‌നേഹവും ത്യാഗമനോഭാവവും വളര്‍ന്നു പന്തലിക്കുവാന്‍ സഹായകരമാണ്. സൈന്ധവ ബുക്‌സ്. വില 152 രൂപ.

ഹൃദയസ്തംഭനം നിമിത്തമുള്ള മരണങ്ങള്‍ കൂടുതലായും നാം അറിയുന്നത് രാവിലെയായിരിക്കും. അതിരാവിലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണം ശരീരത്തില്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം നിമിത്തമാണ്. സൈറ്റോകൈന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉദ്പാദിപ്പിക്കുക പുലര്‍ച്ചെയാണ്. ഹൃദയസ്തംഭനത്തിന് ഒരു അളവുവരെ ചില ഹോര്‍മോണുമായി ബന്ധമുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെയും ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് അതിരാവിലെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ ചെയ്യുന്നത് നിയന്ത്രിക്കുന്ന ഒരു ബയോളജിക്കല്‍ ക്ലോക്ക് നമ്മുടെ ശരീരത്തിലുണ്ട്. പകല്‍ സമയത്ത് ശരീരം കൂടുതല്‍ കാര്യക്ഷമമായിരിക്കും, മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കും. എന്നാല്‍ ഉറങ്ങുമ്പോള്‍ ശരീരം വിശ്രമാവസ്ഥയിലായിരിക്കും. അതിരാവിലെ വീണ്ടും ശരീരം പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിക്കും. ഈ വര്‍ദ്ധനവ് പ്രഭാതത്തില്‍ ഹൃദയ സിസ്റ്റത്തെ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഉറക്കത്തിന്റെ അവസാന ഘട്ടത്തില്‍ ഹൃദയത്തിലുണ്ടാവുന്ന പ്രവര്‍ത്തനങ്ങളാണ് അപകടാവസ്ഥയിലേക്ക് എത്തുന്നത്. ഈ സമയങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും ഉള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. പ്രമേഹ രോഗികള്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍, സ്ഥിരമായി പുകവലിക്കുന്നവര്‍ എന്നിവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പതിവിന് വിപരീതമായി ഇന്നത്തെ തലമുറയില്‍ ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനുമുള്ള സാദ്ധ്യത കൂടുതലാണ്. അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി, വര്‍ദ്ധിച്ച മാനസിക സമ്മര്‍ദ്ദം, അന്തരീക്ഷ മലിനീകരണം, കൃത്യമല്ലാത്ത ഉറക്ക ഉണര്‍വ് ചക്രങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയാണ് കാരണം. ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുവാനും, അതിരാവിലെയുള്ള ഹൃദയസ്തംഭനത്തെ ചെറുക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദിവസവും ഏഴ് മുതല്‍ എട്ടുവരെ ഉറങ്ങുകയും, സമ്മര്‍ദ്ദ രഹിതമായ ജീവിതം നയിക്കാനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. എഴുന്നേറ്റയുടന്‍ കഠിനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യരുത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.71, പൗണ്ട് – 90.74, യൂറോ – 79.53, സ്വിസ് ഫ്രാങ്ക് – 82.26, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.28, ബഹറിന്‍ ദിനാര്‍ – 214.13, കുവൈത്ത് ദിനാര്‍ -257.78, ഒമാനി റിയാല്‍ – 207.06, സൗദി റിയാല്‍ – 21.21, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.89, കനേഡിയന്‍ ഡോളര്‍ – 59.89.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *