മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജൂണ്‍ പത്തിന് ചെന്നൈയില്‍ പാക്കപ്പ് ആകും. ഇപ്പോള്‍ പോണ്ടിച്ചേരിയില്‍ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ക്‌ളൈമാക്‌സില്‍ മറ്റൊരു വേഷപ്പകര്‍ച്ചയില്‍ മോഹന്‍ലാല്‍ എത്തുന്നതാണ് വാലിബന്റെ ഹൈലൈറ്റ്. ഈ വേഷത്തിലേക്ക് കമല്‍ഹാസനെയോ ഋഷഭ ഷെട്ടിയെയോ കൊണ്ടു വരാന്‍ അണിയറ പ്രവര്‍ത്തകര്‍ നീക്കം നടത്തിയെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ക്‌ളൈമാക്‌സില്‍ ആരാധകരെ ആവേശഭരിതരാക്കുന്ന വേഷപ്പകര്‍ച്ചയിലാണ് മോഹന്‍ലാല്‍ എത്തുക. എന്നാല്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തില്‍ എത്തുന്നില്ല. മറാത്തി നടി സൊണാലി കുല്‍കര്‍ണിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് വാലിബന്‍. ബംഗാളി അഭിനേത്രി കദ നന്ദി, മലയാളത്തില്‍നിന്ന് ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവുമുണ്ട്. ക്രിസ്മസ് റിലീസായി പ്‌ളാന്‍ ചെയ്യുന്ന വാലിബനിന്റെ ചിത്രീകരണം ജനുവരി പത്തിന് രാജസ്ഥാനിലാണ് ആരംഭിച്ചത്. പി.എസ്. റഫീഖിന്റേതതാണ് തിരക്കഥ.