തെക്ക് പടിഞ്ഞാറൻ കാലവർഷം അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ എത്തിച്ചേർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്കും, വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂൺ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി. വിവേകാനന്ദ പാറയിലേക്കുള്ള സന്ദർശകരുടെ യാത്രയ്ക്ക് നിയന്ത്രണം . നാളെ വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്‍റെ ട്രയല്‍ റണ്ണും ഇന്ന് നടത്തി. 2000ത്തിലധികം പൊലീസുകാരെയാണ് സുരക്ഷ്ക്കായി നിയോഗിച്ചിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ഗുരുതര വീഴ്ചയാണെന്നും, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും കെ.പി.സി.സി അന്വേഷണ സമിതി വിലയിരുത്തി. കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മാതാപിതാക്കളെ അന്വേഷണ സമിതി നേരിട്ട് കാണും. മേയ് ഏഴിനായിരുന്നു വിവാദ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുള്‍പ്പടെയുള്ള പ്രാദേശിക നേതാക്കള്‍ പങ്കെടുത്തത്. ചിത്രങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയയെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു.
ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളി. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.
വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം വിറ്റു പോയിരിക്കുന്നത് ആലപ്പുഴ ജില്ലയിൽ തൃക്കാർത്തിക എന്ന ഏജൻസിയിൽ നിന്നും. അനിൽ കുമാർ എന്ന ഏജന്റിൽ നിന്നും ചില്ലറ വില്പനക്കാരി ജയ വാങ്ങി വിറ്റ ടിക്കറ്റിനാണ് 12 കോടി അടിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും നാട്ടുകാർക്കാണ് വിറ്റതെന്നും പുറത്തുനിന്നുള്ള ചിലരും ടിക്കറ്റ് വാങ്ങിയിരുന്നുവെന്നും ജയ പറഞ്ഞു.
യൂട്യൂബർ സഞ്ജു ടെക്കിയുടെ ഗതാഗത കുറ്റകൃത്യങ്ങൾ വിശദമായി അന്വേഷിക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി. സഞ്ജു ടെക്കി സ്ഥിരം ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്ന ആളാണെന്നും ഇയാള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് തീരുമാനമെന്നും ആർടിഒ പറഞ്ഞു. നേരത്തെ ഇയാൾ 17കാരനെ കൊണ്ട് വാഹനം ഓടിപ്പിച്ച് റീൽ ഉണ്ടാക്കിയിരുന്നു. ഈ കേസിൽ സഞ്ജുവിനെ ഒന്നാം പ്രതിയായി ജുവനൈല്‍ കോടതിയിൽ കേസുണ്ട്.
അതി തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ മെയ് 30 ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി. കുട്ടികൾ അംഗൻവാടിയിൽ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. വേനലവധി കഴിഞ്ഞ് കുട്ടികൾ അംഗൻവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്.
14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി പേരില്‍ വന്‍തോതില്‍ അഴിമതി നടന്നു എന്ന പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളെന്ന് രമേശ് ചെന്നിത്തല. 2016-19 കാലഘട്ടത്തില്‍ അബുദാബിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പിഡബ്ല്യുസി, എസ്.എന്‍സി ലാവ്‌ലിന്‍ തടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നു എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. സത്യസന്ധമായി അന്വേഷിച്ചാൽ എല്ലാ വിവരങ്ങളും പുറത്ത് വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി കളമശ്ശേരിയില്‍ നിന്ന് ഫയര്‍ഫോഴ്സിന്‍റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് മാറ്റുന്നത്.തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്.
വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കുമെന്ന് കെഎസ്ആർടിസി. 2024 – 25 അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർഥി കൺസഷൻ ഓൺലൈനിലേക്ക് മാറും. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റുന്നത്.
അധികൃതർക്കും, പൊതുജനങ്ങൾക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി.കൊച്ചിയിലെ വെള്ളക്കെട്ടിനേതുടർന്ന്, മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുന്നത് എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വെള്ളക്കെട്ടിന്‍റെ കാര്യത്തിൽ ജനങ്ങളെയും കുറ്റപറയണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളിൽ നിന്ന് നീക്കം ചെയ്യുന്നത്. ഇന്ന് മാലിന്യങ്ങൾ നീക്കം ചെയ്താൽ നാളെ വീണ്ടും വരുമെന്നതാണ് അവസ്ഥ. ജനങ്ങൾ ഇത് പോലെ ചെയ്താൽ എന്ത് ചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു.
പൊലീസ് സ്റ്റേഷനെ ടെറർ സ്ഥലമാക്കേണ്ട കാര്യമില്ലെന്ന് കോടതി. ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി.മോശം വാക്കുകൾ ഉപയോഗിച്ചാൽ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയും എന്ന് ആരാണ് പൊലീസിനോട് പറഞ്ഞത്. അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങൾ ആവാം എന്ന് കരുതരുതെന്നും കോടതി പറഞ്ഞു. പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് എങ്ങനെ ജോലി തടസ്സപ്പെടുത്തൽ ആകുമെന്നും കോടതി ചോദിച്ചു.
പൊലീസ് പിടികൂടിയ ബോട്ടുകളുടെ യന്ത്രങ്ങൾ കാണാനില്ലെന്ന പരാതിയിൽ കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ വിജിലൻസ് പരിശോധന. നാല് ബോട്ടുകളുടെ യന്ത്രങ്ങൾ കാണാനില്ലെന്നാണ് പരാതി. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ ജനങ്ങള്‍ താഴെ ഇറക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി .സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി മുസ്ലിം ലീഗ് എംഎൽഎമാർ നാളെ മുഖ്യമന്ത്രിയെ കാണും. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കലക്ടറേറ്റുകളിലേക്ക് മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി.
എണ്‍പതോളം അഭിമുഖങ്ങൾ മാധ്യമങ്ങള്‍ക്ക് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വാർത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന വിമർശനങ്ങളെ മറികടക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു മോദിയുടെ നീക്കം. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്.
ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 57 മണ്ഡലങ്ങള്‍ കൂടി ശനിയാഴ്ച പോളിംഗ് ബൂത്തിലെത്തുന്നതോടെ തെരഞ്ഞെടുപ്പ് അവസാനിക്കും.മൂന്നാം വട്ടവും എന്‍ഡിഎ തന്നെ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഫലം വരുന്ന ദിവസംമോദിയുടെയും അമിത് ഷായുടെയും പണി ഇല്ലാതാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചു.
പ്രജ്വൽ രേവണ്ണ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ബെംഗളുരുവിൽ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പോസ്‌റ്റോഫീസുകളില്‍ സത്രീകള്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കുന്നു. ബെംഗളൂരുവിലെ ശിവാജിനഗര്‍, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി എത്തുന്നത്.
എയര്‍ ടു സര്‍ഫേസ് ആന്റി റേഡിയേഷന്‍ സൂപ്പര്‍സോണിക്ക് മിസൈൽ രുദ്രം-2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനാണ് ഇത് വികസിപ്പിച്ചത്. സുഖോയ് എസ് യു-30എംകെഐ വിമാനത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്.