സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് പ്രവചനം.
അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും കണക്കിലെടുത്ത് കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ നിർദേശിച്ചു. ഡാമുകളുടെ സുരക്ഷ, ശുചീകരണ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾക്കുള്ള നിർദ്ദേശങ്ങൾ ഉന്നതതല യോഗത്തിൽ നൽകി.
നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് എം വി ജയരാജൻ വ്യക്തമാക്കി. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും, വികസന പദ്ധതികളെ ഇല്ലാതാക്കുന്ന സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം. മുഖ്യമന്ത്രി തന്നെയാണ് സസ്പെൻഷൻ പിന്‍വലിക്കാൻ നിര്‍ദേശം നൽകിയത്. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമരസമിതി. പദ്ധതിയെ എതിർക്കുമെന്ന് സമരസമിതി കൺവീനർ എസ് രാജീവൻ വിശദമാക്കി. ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നും കെ റെയിൽ വിരുദ്ധ സമര സമിതി വിശദമാക്കുന്നത്.
സംസ്ഥാനത്ത് ജൂൺ ഒൻപതുമുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കായംകുളത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ യു. പ്രതിഭയെ അധിക്ഷേപിച്ച മുസ്ലിം ലീഗ് നേതാവിനെ തിരിച്ചെടുത്തു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റും യുഡിഎഫ് ചെയർമാനുമായിരുന്ന എ. ഇർഷാദിനെതിരെയുള്ള നടപടിയാണ് ലീഗ് സംസ്ഥാന നേതൃത്വം പിൻവലിച്ചത്.
കണ്ണൂരിൽ തട്ടുകടയിൽ വച്ച് കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ ക്രൂരമർദനമേറ്റതായി പരാതി. കണ്ണൂർ മണ്ഡലം പ്രസിഡന്‍റും മുൻ നഗരസഭ കൗൺസിലറുമായ ആർ രഞ്ജിത്തിനാണ് മർദനമേറ്റത്. എന്നാൽ തട്ടുകടയിൽ വച്ച് രഞ്ജിത്താണ് പ്രശ്നമുണ്ടാക്കിയതെന്നും ആക്രമിച്ചതെന്നും പൊലീസുകാർ പരാതി നൽകി.
സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ ബിജെപി കൌൺസിലറുമായ ആർ ശ്രീലേഖ. സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോയെന്ന സംശയമാണ് ആർ ശ്രീലേഖ ഉന്നയിക്കുന്നത്.
മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്റെ കത്ത്. വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കെഎസ്‌യു സ്ഥാപക ദിനത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിലേറ്റ ക്രൂര മർദനം ഓർമിപ്പിച്ച് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയിൽ കെപിസിസി പ്രസിഡന്റായിരുന്ന എകെ ആന്റണി സന്ദർശിക്കുന്ന ഫോട്ടോ സഹിതമാണ് കുറിപ്പ്.
നിക്ഷേപ തുക നഷ്ടപ്പെട്ടതിനെ തുടർന്ന് വടകരയിൽ ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. ഇത് യഥാർത്ഥത്തിൽ കൊലപാതകമാണെന്നും ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കെടുകാര്യസ്ഥതയാണ് പണം നഷ്ടപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറത്ത് മുൻകൂർ അനുമതിയില്ലാത്ത തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് വിലക്ക്. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വിജയാഘോഷങ്ങൾ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ തുടരുന്ന സാഹചര്യത്തിലാണ് വിലക്കെന്നും പറയുന്നു.
13 സാക്ഷികളെ പുതുതായി ചേർത്ത് എഡിഎം നവീൻ ബാബു കേസിൽ തുടരന്വേഷണ റിപ്പോർട്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി.
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്.ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിൻറ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകളുണ്ട്.
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയ(55)യെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമക്കുറ്റം ചേർത്ത് ക്രൈം ബ്രാഞ്ച്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്ഐടി) മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതികൾ കീഴടങ്ങാൻ എത്തുമെന്ന സൂചന നിലനിൽക്കെയാണ് ഇന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
രാജ്യതലസ്ഥാനമായ ദില്ലിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പൊലീസ്. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന ഒമ്പത് ഭീകരരെ ദില്ലി പൊലീസ് പ്രത്യേക സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങൾക്ക് ഇരയായ പാർട്ടി പ്രവർത്തകരെ കാണാനെത്തിയപ്പോൾ ആയിരുന്നു സംഭവം. സൗത്ത് 24 പർഗാനാസിലെ സോനാപൂരിൽ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിഞ്ഞു. അദ്ദേഹത്തിന്‍റെ ഷർട്ട് വലിച്ചുകീറി. പിന്നിൽ ബിജെപിയാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു.
കർണാടകയിലെ ഭരണനേതൃത്വ തർക്കങ്ങൾ രമ്യമായി പരിഹരിച്ചതായി കെ സി വേണുഗോപാൽ അറിയിച്ചു. സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഡി കെ ശിവകുമാർ ജൂൺ മൂന്നിന് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യയുടെ പാർട്ടിക്കൂറിനെ വേണുഗോപാൽ അഭിനന്ദിക്കുകയും സുഗമമായ അധികാര കൈമാറ്റമാണ് നടന്നതെന്നും വ്യക്തമാക്കി
ദില്ലിയിലും രാജസ്ഥാനിലും വിവിധയിടങ്ങളിൽ പൊടിക്കാറ്റ് വീശിയടിച്ചു. അന്തരീക്ഷത്തെയാകെ വിഴുങ്ങിയ കനത്ത പൊടിപടലങ്ങൾ കാരണം പ്രദേശമാകെ ഇരുട്ടു പരന്നു. പൊടിക്കാറ്റിനെ തുടർന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ പ്രധാന റോഡുകളിൽ കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടു.
ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നും ദയാവധം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി യുവാവ്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേൽ ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്. നീണ്ടുപോകുന്ന നിയമ പോരാട്ടവും മാനസിക വിഷമവും കാരണം തനിക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നാണ് ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യെ ഇനിമുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ. മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്. വിജയ് എന്ന് പറയരുത് എന്നും സിഎം എന്ന് വിളിക്കണമെന്നും എം രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്.
