Untitled design 20250112 193040 0000 1

 

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്. 291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.

 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണു​ഗോപാലിനെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ സുധാകരൻ. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗെയോടാണ് ആവശ്യപ്പെട്ടത്. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ തന്റെ അഭിപ്രായം അറിയിച്ചുവെന്നും കെസിയെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.

 

കാലടി സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കർശന നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കുലർ. ശങ്കരജയന്തി ആഘോഷത്തിനാണ് കാലടി സർവകലാശാലയിൽ ഗവർണർ എത്തുന്നത്. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും പ്രത്യേക സർക്കുലറിൽ പറയുന്നു.

 

കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വിഎച്ച്പി. വ്യാജ അഫിഡവിറ്റുകളുടെ സഹായത്തോടെ ആണ് പെൺകുട്ടിയുടെ ജനന സർട്ടിഫിക്കേറ്റ് തയാറാക്കിയതെന്നും അതാണ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതെന്നും വിഎച്ച്പി സംസ്ഥാന സെക്രട്ടറി അനിൽ വിളയിൽ പറഞ്ഞു.

 

വാൽപ്പാറ അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യാൻ പറ്റുന്നത് തങ്ങളും ചെയ്യുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വാൽപ്പാറ അപകടത്തിൽ മരിച്ച അബ്ദുൽ മജീദിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കുകയും ചെയ്തു.

 

മെഡിക്കൽ കോളേജ് ഐ സി യു തുണികൊണ്ട് മറച്ച് പ്രവർത്തിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താൻ ഡിഎംഇക്ക് നിർദ്ദേശം നൽകി. പിഡബ്ല്യുഡി, ഇലക്ട്രിക്കൽ വിഭാഗങ്ങൾ സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കണം. ആശുപത്രി അധികൃതർ നേരിട്ട് ഹാജരായി വിശദീകരിക്കണം എന്നും നിർദ്ദേശം നൽകി.

 

കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്.ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ നൗഫൽ. മന്ത്രി മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിച്ചെന്നും വിള്ളൽ വന്ന ഭാഗം തൊട്ടില്ലെന്നും നൗഫൽ പറയുന്നു. വീടിന് വിള്ളൽ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണി ഉണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

 

ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാർ. തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

 

കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ആലപ്പുഴ എസ്പിക്ക് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ ആണ് കത്ത് നൽകിയത്. കള്ളപ്പണ കേസിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ സഹായിച്ചതിനാണ് അഭിനന്ദനം. മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ്‌ ടി എസ് എന്നീ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

 

മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച്. വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം. രാഹുലും സംഘവും സ്ത്രീകളെ ചതിച്ചു, സ്ത്രീകളുടെ അവകാശത്തെ ഇല്ലാതാക്കി പ്രതിപക്ഷം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു എന്നെല്ലാമാണ് പരാതി. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച്, പൊലീസ് ബാരിക്കേഡ് വച്ച് വഴിയടച്ചു തടഞ്ഞു.

 

ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി 13,800 കോടി രൂപയുടെ ‘സോവറിൻ മാരിടൈം ഫണ്ട്’ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലടക്കം കപ്പൽ ഗതാഗതം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.

 

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയിൽ രണ്ട് ശതമാനം വർധനവ് വരുത്താൻ തീരുമാനം. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ വർഷത്തിൽ രണ്ടു തവണ പരിഷ്കരിക്കേണ്ട ഡിഎ, തൊഴിൽ വകുപ്പ് പുറത്തുവിടുന്ന ഉപഭോക്തൃ വില സൂചിക മാനദണ്ഡമാക്കിയാണ് കണക്കാക്കുന്നത്.

 

മഹാരാഷ്ട്രയിലെ നാസിക് ടിസിഎസിലെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളിലും ലൈംഗിക പീഡന പരാതികളിലും മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന നിദാ ഖാനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം. നിദാ ഖാൻ എവിടെയുണ്ടെന്ന വിവരം അവരുടെ ഭർത്താവ് പോലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് അവിടെ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തുമെന്ന് അറിഞ്ഞ് നിദാ ഖാൻ ഇവിടെ നിന്നും ഒളിവിൽ പോയതായാണ് പോലീസ് നിഗമനം.

 

സ്റ്റാലിൻ സഹോദരനെന്ന് രാഹുൽ ഗാന്ധി. സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല, അത് മോദിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് എ ഐ എ ഡി എം കെ മുഖ്യമന്ത്രിയെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്നാട്ടിലേക്ക് വരുന്നത് എപ്പോഴും ആദരമാണെന്നും ഇവിടത്തെ മണ്ണിനോടും ജനങ്ങളോടും സവിശേഷമായ ബന്ധം മനസിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു .തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയിലാണ് സ്റ്റാലിന്റെ പേര് രാഹുൽ പരാമർശിച്ചത്.

 

ഇറാൻ സേനയ്ക്ക് അഭിനന്ദനവുമായി പരമോന്നത നേതാവ് മുജ്തബ ഖംനഇ. ഇറാനെ വിഭജിക്കാൻ വന്ന അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ നേരിട്ട് ഇതിഹാസം സൃഷ്ടിച്ചുവെന്ന് മുജ്തബ ഖംനഇ അഭിനന്ദിച്ചു. ശത്രുക്കൾക്ക് കനത്ത പരാജയം നൽകാൻ നാവിക സേനയും സജ്ജമാണ്. ഡ്രോണുകൾ എതിരാളികൾക്ക് മേൽ മിന്നാലിയ പതിച്ചുവെന്നും മുജ്തബ ഖംനഇയുടെ സന്ദേശത്തിൽ പറയുന്നു.

 

ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ രംഗത്ത്. അനാവശ്യമായ ആവേശം നിയന്ത്രിക്കണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രഖ്യാപനങ്ങളെ നിശിതമായ ഭാഷയിലാണ് സിംബാബ്‌വെയിലെ ഇറാനിയൻ എംബസി തള്ളിക്കളഞ്ഞത്.

 

സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്നതിന് സംബന്ധിച്ച് ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് ഇറാന് ട്രംപിന്റെ ഭീഷണി. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്നും ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്നുമാണ് അമേരിക്കൻ പ്രസി‍ന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്.

 

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്. രാഹുൽ കാറിൽ കയറിയതിന്‌ പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിങ് സ്‌ക്വാഡ് പരിശോധന നടത്തി.

 

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതിന് പിന്നാലെ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. ഇന്ത്യൻ കപ്പലിന് നേരെയും ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ വെടിവെച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി.

 

ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനായി, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് അമേരിക്ക ഉപരോധ ഇളവ് നീട്ടി നൽകി. റഷ്യയുടെ വരുമാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബാരലിന് 60 ഡോളർ എന്ന വില പരിധിക്ക് താഴെ എണ്ണ വാങ്ങുന്നത് തുടരാൻ ഈ തീരുമാനം ഇന്ത്യയെ സഹായിക്കും. ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ നയത്തിനുള്ള അംഗീകാരം കൂടിയായി വിലയിരുത്തപ്പെടുന്നു.

 

നോയിഡയിലെ തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ മുഖ്യ സൂത്രധാരൻ ആദിത്യ ആനന്ദിനെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. എൻ.ഐ.ടി ബിരുദധാരിയായ ഇദ്ദേഹം സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. ഉത്തർപ്രദേശ്, തമിഴ്‌നാട് പോലീസ് സംയുക്തമായാണ് ഇയാളെ പിടികൂടിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *